ജോളിയുമായി സൗഹൃദം മാത്രം, ജോളിയുടെ റേഷന്‍ കാര്‍ഡ് കണ്ടെത്തിയത് അപ്രതീക്ഷിതമായി ; ഇമ്പിച്ചി മൊയിയുടെ മകന്‍

കോഴിക്കോട് : കൂടത്തായി കൊലപാതക കേസ് പ്രതി ജോളിയുടെ റേഷന്‍ കാര്‍ഡ് തങ്ങളുടെ കടയില്‍ നിന്നും കണ്ടെത്തിയത് അപ്രതീക്ഷിതമായാണെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയിയുടെ മകന്‍ . റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റേഷന്‍കാര്‍ഡ് റൊമോ കൊണ്ടുവന്നതെന്നും ഇമ്പിച്ചി മൊയിയുടെ മകന്‍ പറഞ്ഞു. സൗഹൃദത്തിനപ്പുറം ജോളിയുമായി ബന്ധമില്ലെന്നും ചിലര്‍ മനപ്പൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും പലരും തങ്ങള്‍ക്കതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഇമ്പിച്ചിമൊയിയുടെ മകന്‍ പറയുന്നു.

പ്രതി ജോളിയെ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച മുസ്ലിം ലീഗ് പ്രദേശിക നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. ഓമശേരിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്ന വി.കെ ഇമ്പിച്ചിമോയിയെ ആണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഇക്കാര്യം മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. പൊന്നമറ്റത്തെ തെളിവെടുപ്പിനിടെ ജോളി ചില രേഖകള്‍ പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മോയിക്ക് കൈമാറിയതായി അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്വത്തിലാണ് കൂടുത്തായിലെ വീട്ടില്‍ പരിശോധന നടത്തിയത്.

അതേസമയം, റോയ് തോമസിന്റെ സഹോദരന്‍ റോജോ മൊഴി നല്‍കാനായി റൂറല്‍ എസ്പി ഒഫീസിലെത്തി. വടകരയിലെ എസ്പി ഓഫീസിലാണ് എത്തിയിരിക്കുന്നത്. സഹോദരി റെഞ്ചിയും ജോളിയുടെ മക്കളും ഒപ്പമുണ്ട്. ജോളിയെയും എസ്പി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.