ഇന്ത്യ കടുംകൈ ചെയ്താല്‍ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു ‘കടുംകൈ’യ്ക്കും ‘ആക്രമണ’ത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാ സമിതിയുടെ (എന്‍.എസ്.സി.) യോഗത്തിന്റേതാണു മുന്നറിയിപ്പ്. പാക് അധീന കശ്മീരിലെ ജനവാസകേന്ദ്രങ്ങളില്‍ ഇന്ത്യ ക്ലസ്റ്റര്‍ ബോംബിട്ടെന്ന് പാക് സൈന്യം ആരോപിച്ചതിനു പിന്നാലെയായിരുന്നു യോഗം.

പാകിസ്താന്റെ ആരോപണം ‘നുണയും ചതി’യുമാണെന്ന് ഇന്ത്യന്‍സേന ശനിയാഴ്ച പറഞ്ഞിരുന്നു.’ഇന്ത്യയുടെ പ്രവൃത്തികള്‍ പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനു പ്രത്യാഘാതമുണ്ടാക്കും. സമാധാനപൂര്‍വമായ പരിഹാരം ആവശ്യമുള്ള അന്താരാഷ്ട്രതര്‍ക്കമാണ് കശ്മീരെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ചുപറയുന്നു. കശ്മീരിലെ ജനങ്ങളുടെ ഹിതമനുസരിച്ച് ഇതുപരിഹരിക്കാന്‍ തയ്യാറാകണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്നു’ -പ്രസ്താവന പറയുന്നു