ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് ആരോപണം

കാസര്‍കോട്. ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. കാസര്‍കോട് ബേഡകത്താണ് സംഭവം. ഭര്‍ത്താവിനും കുടുംബത്തിനും എതിരെയാണ് ആരോപണം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

തിങ്കളാഴ്ച പള്ളിക്കര സ്വദേശിനി മുര്‍സീനയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമാണ് മരണ കാരണം വ്യക്തമാകു എന്നാണ് പോലീസ് പറയുന്നത്. ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഭര്‍ത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിക്കുന്നതായി മകള്‍ പരാതി പറഞ്ഞിരുന്നു. ഇവര്‍ക്ക് പുറമെ അസ്‌കറിന്റെ അമ്മാവനും ഭാര്യയും ബുദ്ധിമുട്ടിച്ചിരുന്നതായിട്ടാണ് പരാതിയില്‍ പറയുന്നത്. മകളുടെ മരണം വീട്ടില്‍ അറിയിക്കാന്‍ വൈകിയതായും കുടുംബം ആരോപിച്ചു.