യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവം, ഓട്ടോ ഡ്രൈവർ പിടിയിൽ

കോഴിക്കോട് : യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. കോഴിക്കോട് കൊളത്തറ സ്വദേശി ഉണ്ണികൃഷ്ണനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മാല പൊട്ടിച്ചശേഷം ഓട്ടോ ഡ്രൈവറായ ഉണ്ണികൃഷ്ണന്‍ യാത്രക്കാരിയെ ഓട്ടോയില്‍നിന്ന് തള്ളിയിട്ട് കടന്നുകളയുകയായിരുന്നു.

വയോധികയായ യാത്രക്കാരി ബുധനാഴ്ച പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ കയറിയതായിരുന്നു. വയനാട് സ്വദേശിനിയായ 69-കാരിയാണ് കവര്‍ച്ചയ്ക്കിരയായത്. ഓട്ടോയില്‍നിന്നുള്ള വീഴ്ചയില്‍ പരിക്കേറ്റ ഇവര്‍ ഒരുമണിക്കൂറോളമാണ് വഴിയരികില്‍ കിടന്നത്.

ബസില്‍ കയറി കൂടരഞ്ഞിയിലെ സഹോദരന്റെ വീട്ടിലെത്തിയശേഷമാണ് ആശുപത്രിയില്‍ ചികിത്സതേടിയത്. സംഭവദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് 69-കാരി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങിയത്. തുടര്‍ന്ന് നാല് സ്ത്രീകള്‍ക്കൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകാന്‍ തീരുമാനിച്ചു. മഴ പെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന സ്ത്ര്ീകള്‍ മേലപാളയത്തെ ഹോട്ടലില്‍ കയറി. ഇതിനിടെയാണ് അതുവഴിയെത്തിയ ഉണ്ണികൃഷ്ണന്റെ ഓട്ടോയില്‍ 69-കാരി കയറിയത്.