പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഭവം, മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്

തിരുവനന്തപുരം. ശബരിമല പൊന്നമ്പല മേട്ടില്‍ അതിക്രമിച്ച് കയറി പൂജനടത്തിയ തമിഴ്‌നാട് സ്വദേശി നാരായണ സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്നത് മൂന്ന് വര്‍ഷംവരെ തടവി ശിക്ഷ ലഭിക്കാവുന്ന കുറ്റം. 1972 ലെവന്യജീവി സംരക്ഷണ നിയമത്തിലെയും കേരള വന നിയമത്തിലേയും വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. ജാമ്യം പോലും ലഭിക്കാത്തവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ശബരിമല ക്ഷേത്രവുമായി ആചാരപരമായി അടുത്ത ബന്ധമുള്ള സ്ഥലമാണ് പൊന്നമ്പലമേട്. കേസെടുക്കുന്നതിന് ഏഴു ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം നടന്നതെന്ന് ഫോറസ്റ്റ് ഓഫന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ മേല്‍വിലാസം ലഭിച്ചിട്ടില്ല. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പച്ചക്കാനം സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പിച്ചത്.

ഒരാഴ്ച മുന്‍പാണ് നാരായണന്‍ പൊന്നമ്പലമേട്ടില്‍ എത്തി പൂജ നടത്തിയത്. ശബരിമല മുമ്പ് കീഴ്ശാന്തിയുടെ സഹായിയായിരുന്നു നാരായണന്‍ എന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറോട് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി പറഞ്ഞു.