Home kerala കോടതി നിര്‍ദേശം ലംഘിച്ച് സിപിഎം ഓഫീസ് നിര്‍മാണം തുടര്‍ന്ന സംഭവം, സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്ത് ഹൈക്കോടതി

കോടതി നിര്‍ദേശം ലംഘിച്ച് സിപിഎം ഓഫീസ് നിര്‍മാണം തുടര്‍ന്ന സംഭവം, സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്ത് ഹൈക്കോടതി

കൊച്ചി. ഹൈക്കോടതിയുടെ നിര്‍ദേശം ലംഘിച്ച് സിപിഎം ഓഫീസിന്റെ നിര്‍മാണം ശാന്തന്‍പാറയില്‍ തുടര്‍ന്ന സംഭവത്തില്‍ സ്വമേധാ കോടതിയലക്ഷ്യക്കേസ് എടുത്ത് ഹൈക്കോടതി. ഇനി ഒരു ഉത്തരവില്ലാതെ ശാന്തന്‍പാറയിലെ കെട്ടിടം ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെയാണ് കോടതിയലക്ഷ്യത്തിന് കേസ് എടുത്തിരിക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി കേസില്‍ കക്ഷി ചേര്‍ന്നിരുന്നുവെന്നും കോടതി നിര്‍മാണം തടഞ്ഞത് അറിഞ്ഞില്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സിപിഎം ഓഫീസ് നിര്‍മിക്കുന്നതിന് ചൊവ്വാഴ്ചയാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. നിര്‍മാണം തടഞ്ഞ രാത്രിയിലും നിര്‍മാണം നടന്നുവെന്ന ആരോപണമാണ് കോടതി പരിഗണിച്ചത്.

അതേസമയം കോടതിയുടെ ഇടക്കാല ഉത്തരവ് ലഭിച്ചില്ലെന്നും കളക്ടര്‍ സ്‌റ്റോപ്പ് മെമ്മോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയത്. എന്നാല്‍ രാത്രിയിലും നിര്‍മാണം തുടര്‍ന്നുവെന്ന് ഹര്‍ജിക്കാരനും അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചു. മാധ്യമ വാര്‍ത്തയും കോടതിയുടെ ശ്രദ്ധയിലെത്തിച്ചു. ഹൈക്കോടതി വിലക്കിയിട്ടും ഒറ്റ രാത്രികൊണ്ട് സിപിഎം ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കി.