ആദായ നികുതി വകുപ്പില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്… അഴിമതിക്കാരോട് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശവുമായി നിര്‍മലാ സീതാരാമന്‍

പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മലാ സീതാരാമന്‍ ധനമന്ത്രിയായതോടെ ധന മന്ത്രാലയത്തിലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് കടിഞ്ഞാണിടാനുള്ള പ്രാരംഭ നടപടികള്‍ കേന്ദ്ര ധന മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു . ഇതിന്റെ ഭാഗമായി ആദായനികുതി വകുപ്പിലെ പന്ത്രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിനു നിര്‍ദേശം നല്‍കി.

ചീഫ് കമ്മീഷണറും പ്രന്‍സിപ്പല്‍ കമ്മീഷണറും അടക്കമുള്ള ഉന്നതര്‍ക്കാണ് പൂട്ട് വീഴുന്നത്. അഴിമതി, അനധീകൃത സ്വത്ത് സമ്പാദനം, ലൈംഗീകാതിക്രമം എന്നിങ്ങനെയുള്ള പരാതികളാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ നിര്‍മ്മലാ സീതാരാമനെ പ്രേരിപ്പിച്ചത്. പൊതു ധനകാര്യ ചട്ടം റൂള്‍ 56 പ്രകാരമാണ് നടപടിയെടുക്കുന്നത്.

ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാള്‍ , എസ് കെ ശ്രീവാസ്തവ , ഹോമി രാജ്വാഷ് , ബി ബി രാജേന്ദ്ര പ്രസാദ്, അജോയ് കുമര്‍ സിങ്, അലോക് കുമാര്‍ മിത്ര, ചന്ദര്‍ സൈനി ഭാരതി, അന്ദാസു രവീന്ദ്രര്‍, വിവേക് ബത്ര, ശ്വേതബ് സുമന്‍, റാം കുമാര്‍ ഭാര്‍ഗവ എന്നിവര്‍ക്കാണ് വിരമിക്കല്‍ നോട്ടിസ് .

മുഖ വ്യവസായിയില്‍ നിന്നു കോഴ വാങ്ങിയെന്നാണ് ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാളിനെതിരായ ആരോപണം. രണ്ടു വനിതാ ഐആര്‍എസ് ഉദ്യോഗസ്ഥരെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് എസ് കെ ശ്രീവാസ്തവക്കെതിരെയുള്ള പരാതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2009 മുതല്‍ സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി രാജ്വാഷ്.

വിവിധ വകുപ്പുകളില്‍ നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേര് നല്‍കാന്‍ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജലന്‍സ് കമ്മീഷനും വകുപ്പ് തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ധനകാര്യവകുപ്പില്‍ നടക്കുന്നത്. മറ്റു വകുപ്പുകളിലും സമാനമായ നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാം മോഡി സര്‍ക്കാരും അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്ന എന്ന കൃത്യമായ സന്ദേശമാണ് ഈ നടപടികളിലൂടെ ഗവണ്മെന്റ് നല്‍കുന്നത്.