വില കുറഞ്ഞ മദ്യത്തിനു ക്ഷാമം രൂക്ഷം

സ്പിരിറ്റിനു വില കൂടിയതും എക്സൈസ് ഡ്യൂട്ടി മുൻകൂട്ടി അടയ്ക്കണമെന്ന നിർദേശത്തിന്റെ പേരിൽ വിതരണക്കാർ ആവശ്യത്തിനു മദ്യം എത്തിക്കാത്തതും വില കുറഞ്ഞ മദ്യത്തിനുള്ള ക്ഷാമം രൂക്ഷമാക്കുന്നു. സ്പിരിറ്റിനു വില വർധിച്ചതോടെ മദ്യക്കമ്പനികൾ ഉൽപാദനം കുറച്ചതാണ് പ്രതിസന്ധിക്കു കാരണം. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്നത്.

മദ്യവില വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് കമ്പനികൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. വില കുറഞ്ഞ മദ്യം കിട്ടാതായതോടെ ഷോപ്പുകളില്‍ ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തർക്കവും പതിവായി. സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എക്സൈസ് മുന്നറിയിപ്പു നൽകിയിട്ടും പ്രശ്ന പരിഹാരത്തിനു സർക്കാർ ശ്രമം നടത്തുന്നില്ല. സ്പിരിറ്റിനു ലിറ്ററിന് 15 രൂപയിലധികം വർധനവുണ്ടായതോടെയാണ് ചെറിയ കമ്പനികൾ പ്രതിസന്ധിയിലായത്.