ഇന്ത്യ – ചൈന ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി : മോദി

ചെന്നൈ: ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ മഹാബലിപുരത്തെ ഇന്ത്യ – ചൈന ഉച്ചകോടി സഹായകമായി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . നയതന്ത്രതലത്തിലുള്ള ആശയവിനിമയം കൂടി .ഒരു തരത്തിലുള്ള സംഘര്‍ഷവും വര്‍ദ്ധിപ്പിക്കില്ലെന്നും ആഗോള സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും പരസ്പരം ഉറപ്പ് നല്‍കിയതായി പ്രധാനമന്ത്രി വ്യക്തമാക്കി.നേരത്തേ നടന്ന വുഹാന്‍ അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം, ചെന്നൈ ചാപ്റ്റര്‍ ഇന്ത്യ – ചൈന ബന്ധത്തിലെ പുതിയ അധ്യായമാണെന്ന് മോദിയുടെ പ്രസ്താവനയില്‍ പറയുകയുണ്ടായി .

അതേസമയം, അനൗദ്യോഗിക ഉച്ചകോടിയ്ക്കിടെ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നെന്ന് ചൈനീസ് പ്രസിഡന്‍റ് സീ ജിങ്പിങിന്‍റെ പ്രസ്താവനയില്‍ പറഞ്ഞു.ഹൃദയം തുറന്നുള്ള ചര്‍ച്ചയാണ് നയതന്ത്രബന്ധത്തില്‍ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിനിധി തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .

രാവിലെ പത്ത് മണിയോടെയാണ് ഇരുനേതാക്കളും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചത് . നാല്‍പത് മിനിറ്റോളം നീളുമെന്നാണ് കരുതിയിരുന്ന കൂടിക്കാഴ്ച പതിനൊന്നരയോടെയാണ് പൂര്‍ത്തിയായത്. മഹാബലിപുരം കോവളത്തെ താജ് ഫിഷര്‍മെന്‍സ് കോവ് ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.