Home topnews ഇന്ത്യ ചൈന ബന്ധം കൂടുതൽ വഷളായി, അതിർത്തിയിലെ ചൈനയുടെ പ്രകോപനങ്ങൾ..

ഇന്ത്യ ചൈന ബന്ധം കൂടുതൽ വഷളായി, അതിർത്തിയിലെ ചൈനയുടെ പ്രകോപനങ്ങൾ..

ന്യൂ ഡൽഹി . ഇന്ത്യ ചൈന ബന്ധം കൂടുതൽ വഷളാവുന്നു. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമായെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പുറത്ത്. 2020 ഏപ്രില്‍-മെയ് മാസം മുതല്‍, കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലേക്കുളള ചൈനീസ് കടന്നുകയറ്റ ശമങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തെയും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെയും സാരമായി ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ.

വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യകതമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ സായുധ സേന ചൈനീസ് കടന്നുകയറ്റ ശ്രമങ്ങളെ ഉചിതമായി നേരിട്ടതായി പറയുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നതിന് അതിര്‍ത്തിയില്‍ സമാധാനം നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി ചൈനീസ് സഹമന്ത്രിയെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

‘ചൈനയുമായുള്ള ഇന്ത്യയുടെ ഇടപഴകല്‍ സങ്കീര്‍ണ്ണമാണ്. അതിര്‍ത്തി പ്രശ്നത്തിന്റെ അന്തിമ തീര്‍പ്പിനും ഉഭയകക്ഷി ബന്ധത്തിനും മേഖലയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.’ 2022ലെ എംഇഎ യുടെ വാര്‍ഷിക റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നു. എന്നിരുന്നാലും, 2020 ഏപ്രില്‍ – മെയ് മുതല്‍, വടക്കന്‍ മേഖലയിലെ അതിര്‍ത്തികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈനീസ് പക്ഷം നിരവധി ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ഇത് മേഖലയിലെ ശാന്തതയെയും സമാധാനത്തെയും ഗുരുതരമായി തടസ്സപ്പെടുത്തുകയും വികസനത്തെ ബാധിക്കുകയും ചെയ്തു – റിപ്പോര്‍ട്ടിൽ പറയുന്നു.

സമാധാനപരമായ ചര്‍ച്ചയിലൂടെ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും, സംഘർഷങ്ങളിൽ നിന്ന് വിട്ടുനില്‍ക്കുന്നതിന് ചൈനയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും എംഇഎ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിനും ഇന്ത്യ, ചൈനയുമായി നയതന്ത്ര, സൈനിക ഇടപെടലുകള്‍ നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നതാണ്‌. ‘കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ അതിര്‍ത്തി സ്ഥിതിഗതികളെ കുറിച്ച് രണ്ട് മന്ത്രിമാരും ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസം തുടരുന്നതിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചൈനയിലേക്കുളള തിരിച്ചുവരവ് ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളും ജയശങ്കര്‍ ചര്‍ച്ച ചെയ്തിരുന്നു. കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും നാട്ടിലേക്ക് മടങ്ങി വന്നിരുന്നു.

ജി-20 യോഗത്തോടനുബന്ധിച്ച് ജൂലൈ 7 ന് ബാലിയില്‍ രണ്ട് വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്‍പ്പര്യം എന്നീ മൂന്ന് പരസ്പര ബന്ധങ്ങളിലൂടെ ഇന്ത്യ-ചൈന ബന്ധം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ നയതന്ത്ര, സൈനിക ചര്‍ച്ചകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടുണ്ട്.

‘ഈ നയതന്ത്ര, സൈനിക തല യോഗങ്ങളില്‍, ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരുപക്ഷവും കൃത്യമായ വീക്ഷണങ്ങള്‍ കൈമാറി. അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ തുടരാനും ധാരണയുണ്ടായിരുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2020 മെയ് 5 ന് പാംഗോങ് തടാക മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ തര്‍ക്കം പൊട്ടിപ്പുറപ്പെടുന്നത്. ശേഷം 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന സൈനിക ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. എന്നാല്‍ ബ്രിക്സ്, എസ്സിഒ, ജി-20, യുഎന്‍ തുടങ്ങിയ സംഘടനകളില്‍ ഇന്ത്യ ചൈനയുമായി ഇടപഴകുന്നത് തുടരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.