രാജ്യത്ത് മരണസംഖ്യ 700 കടന്നു, കോവിഡ് ബാധിതര്‍ 23077

രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 1684 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഈ സമയപരിധിയില്‍ 37 പേര്‍ മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23000 കടന്നു. 23077 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 17,610 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 4749 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 718 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5652 ആയി. 269 പേരാണ് ഇതുവരെ രോഗം വന്ന് മരിച്ചത്. ഗുജറാത്താണ് തൊട്ടുപിന്നില്‍. 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ യഥാക്രമം 2248, 1890, 1695 എന്നിങ്ങനെയാണ് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം.