രാജ്യത്ത് കോവിഡ് രോഗികള്‍ ഒന്നേകാല്‍ ലക്ഷം കടന്നു

രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്. മരണം 3700 കടന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ആറായിരത്തിലേറെ രോഗികള്‍. നാലുദിവസമായി രാജ്യത്ത് 24000 രോഗികള്‍. 24 മണിക്കൂറില്‍ 148 മരണം, 6088 പുതിയ രോഗികള്‍. വെള്ളിയാഴ്ച മഹാരാഷ്ര്ടയില്‍ മാത്രം രോഗികള്‍ മൂവായിരത്തിലേറെ. 63 പേര്‍ മരിച്ചു. ആകെ മരണം 1500 കടന്നു. ഡല്‍ഹിയില്‍ 14 മരണം, 660 രോഗികള്‍. ഗുജറാത്തില്‍ 29 മരണം,363 രോഗികള്‍.തമിഴ്നാട്ടില്‍ 786 പുതിയ രോഗികള്‍. എന്നാല്‍, രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടുന്നത്. 13.3 ദിവസം കൊണ്ടാണ് നിലവില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത്. അടച്ചിടലിന് മുമ്ബ് ഇത് 3.4 ദിവസത്തിലായിരുന്നു.

മരണനിരക്ക് 3.02 ശതമാനമായി. രോഗമുക്തി നിരക്ക് 41 ശതമാനമായി. രാജ്യത്തെ 80 ശതമാനവും രോഗികളും മഹാരാഷ്ര്ട, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി , മധ്യപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്. മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ നഗരങ്ങളിലാണ് 60 ശതമാനം രോഗികള്‍. 80 ശതമാനം മരണവും മഹാരാഷ്ര്ട, ഗുജറാത്ത്, മധ്യപ്രദേശ്, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ്. മുംബൈയില്‍ 1751 രോഗികള്‍ കൂടി. ധാരാവിയില്‍ 53 പുതിയ രോഗികള്‍. മുംബൈയില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കി.

അതിനിടെ ഡല്‍ഹി സര്‍ക്കാരിന്റെ കോവിഡ് മരണകണക്കില്‍ ഗുരുതര പിശക് പുറത്തുവന്നു. വ്യാഴാഴ്ചവരെ 194 മരണമെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മെയ് 16വരെ 426 കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിച്ചെന്നാണ് വിവിധ മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്നുള്ള കണക്ക്. കോവിഡ് മരണങ്ങള്‍ കൃത്യമായി സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി. വടക്കന്‍ ഡല്‍ഹി കോര്‍പറേഷനിലെ ശ്മശാനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച 202 മൃതദേഹം സംസ്‌കരിച്ചു.

തെക്കന്‍ ഡല്‍ഹി കോര്‍പറേഷനിലെ ശ്മശാനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച 224 മൃതദേഹവും രോഗം സംശയിക്കുന്നവരുടെ 83 മൃതദേഹവും സംസ്‌കരിച്ചു. എന്നാല്‍, മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ കണക്കുകള്‍ ഡല്‍ഹി സര്‍ക്കാര്‍ തള്ളി. ലോക് നായക്, ആര്‍എംഎല്‍, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ് ആശുപത്രി, എയിംസിന്റെ ഡല്‍ഹി, ഝജ്ജാര്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 116 മരണം സംഭവിച്ചപ്പോള്‍ 66 മരണംമാത്രമാണ് സര്‍ക്കാര്‍ രേഖപ്പെടുത്തിയത്. ഈ പിശക് സര്‍ക്കാരിന് പിന്നീട് അംഗീകരിക്കേണ്ടിവന്നു.