ഇന്ത്യയിൽ 24 മണിക്കൂറിനിടെ മരിച്ചത് 40 പേർ, മരണം 239 ആയി

കൊറോണ വൈറസ് വ്യാപനം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ മരണനിരക്കും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 40 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 239 ആയി ഉയർന്നു.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി. ഇതില്‍ 643 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 800 ഓളം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് ഒറ്റ ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്.

അതേസമയം ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്‍റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം, നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തി.