ഇന്ത്യയില്‍ കോവിഡ് മരണം 77 ആയി, തമിഴ്‌നാട്ടിലും ഗുജറാത്തിലും വീണ്ടും മരണം

ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 77 ആയി ഉയര്‍ന്നു. ആകെ 3373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 266 പേര്‍ക്ക് രോഗം ഭേദമായി. തമിഴ്നാട്ടിലും ഗുജറാത്തിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ലഖ്നൗവില്‍ നിരീക്ഷത്തില്‍ കഴിഞ്ഞിരുന്ന 16 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.നിസാമുദ്ദീന്‍ മതസമ്മേളനവുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ 30 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മതസമ്മേളനവുമായി ബന്ധപ്പെട്ട് 1023 പോസീറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

വിവിധ അതോറിറ്റികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരടക്കം 22000 പേരെ ക്വാറന്റൈനിലാക്കി. മതസമ്മേളനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 211 ജില്ലകളിലാണ് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 25 പരിശോധനകളില്‍ ഒരാള്‍ക്കാണ് കോവിഡ് പോസിറ്റീവായി കാണുന്നത്. കോവിഡ് പോസിറ്റീവായവരിലെ മരണ നിരക്ക് 30ല്‍ ഒരാളില്‍ താഴെ എന്ന കണക്കിലാണ്. രാജ്യത്താകെ ഇതുവരെ 79,950 കോവിഡ് പരിശോധനകളാണ് നടത്തിയത്.