രാജ്യത്ത് 24 മണിക്കൂറിനിടെ 6,536 പേര്‍ക്ക് കോവിഡ്, മരണം 4167

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,535 കോവിഡ് കേസുകള്‍. 146 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. നിലവില്‍ 80,722 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 60, 490 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 4167 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.

കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസം കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. രോഗവ്യാപനത്തിന്റെ വേഗം ആശങ്ക ജനിപ്പിക്കുന്നതാണ്. രോഗ്യവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഡല്‍ഹിയില്‍ 13,418 രോഗബാധിതരും 508 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനത്ത് 3 പുതിയ പ്രദേശങ്ങള്‍ കൂടി ചേര്‍ത്തതോടെ മൊത്തം നിയന്ത്രിത മേഖലകള്‍ 90 ആയി. ഇതിനിടെ, ഡല്‍ഹി-ഗാസിയബാദ് അതിര്‍ത്തി അടച്ചു. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 229 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 14,063 രോഗബാധിതരും 344 മരണവും റിപ്പോര്‍ട്ട് ചെയ്തു. 72 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജസ്ഥാനില്‍ രോഗബാധിതര്‍ 7000 കടന്നു. മരണം 163. ഇന്ന് മാത്രം 145 കോവിഡ് കേസ് കണ്ടെത്തി. പശ്ചിമ ബംഗാളില്‍ രോഗബാധിതര്‍ 4000-ത്തോടടുത്തു, മരണം 200 കവിഞ്ഞു. മധ്യപ്രദേശില്‍ രോഗബാധിതര്‍ ഏഴായിരത്തിനടുത്തെത്തി. മരണസംഖ്യ 300. ബിഹാറില്‍ 163 പുതിയ കേസുകളും അസമില്‍ 13-ഉം റിപ്പോര്‍ട്ട് ചെയ്തു.