ഇന്ത്യ – ചൈന അതിർത്തിയിൽ ഇന്ത്യ – യു എസ് സംയുക്ത സൈനികാഭ്യാസം

ന്യൂദല്‍ഹി. തര്‍ക്കം നില നിൽക്കുന്ന ഇന്ത്യ – ചൈന അതിർത്തിയിൽ ഒക്ടോബറില്‍ ഇന്ത്യ – യു എസ് സംയുക്തസൈനികാഭ്യാസം നടത്തും. ഇന്ത്യ – ചൈന തര്‍ക്കം നില നിൽക്കുന്ന അതിര്‍ത്തിപ്രദേശത്ത് ഒക്ടോബറില്‍ ഇന്ത്യ വന്‍ സൈനികാഭ്യാസം നടത്തുമെന്ന് സിഎന്‍എന്‍ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ് സൈനികരും ഈ സൈനികാഭ്യാസത്തില്‍ പങ്കെടുക്കും.

ഉത്തരാഖണ്ഡിലെ ഓലി പ്രദേശത്താണ് ഇന്ത്യ – യു എസ് സംയുക്തസൈനികാഭ്യാസം നടത്തുന്നത്. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ എല്‍എസി നിന്നും 95 കിലോമീറ്റര്‍ അകലെ ഏകദേശം 10,000 അടി ഉയരത്തിലുള്ള ഓലി പ്രദേശത്ത് കൂടിയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി രേഖ കടന്നുപോകുന്നത്. 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷമാണ് യഥാര്‍ത്ഥ നിയന്ത്രണരേഖ ഉണ്ടാക്കുന്നത്. യുദ്ധ അഭ്യാസ് അഥവാ യുദ്ധ പരിശീലനം എന്ന പേരില്‍ വര്‍ഷം തോറും നടക്കുന്ന സൈനികാഭ്യാസത്തിന്‍റെ 18ാം പതിപ്പാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

അക്സായി ചിന്‍ പ്രദേശത്തിനടുത്തുള്ള ഗാല്‍വന്‍ താഴ് വരയില്‍ 2020ല്‍ ചൈനീസ് – ഇന്ത്യന്‍ സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും 34 ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നതാണ്. കൈയും കല്ലും ആണിയടിച്ച മുളവടിയും ഉപയോഗിച്ചായിരുന്നു ഇരുവിഭാഗം സൈനികർ തമ്മിൽ അന്ന് ഏറ്റുമുട്ടുന്നത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത്.

നിലവിലുള്ള തയ് വാന്‍-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സൈനികാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ മനോവീര്യം കൂട്ടുന്നതിനൊപ്പം ചൈനയ്ക്കുള്ള താക്കീത് കൂടിയായി ഈ സൈനികാഭ്യാസം മാറുമെന്നാണ് വിലയിരുത്തുന്നത്. അതിര്‍ത്തിയില്‍ പാഗോംഗ് സോ തടാകത്തില്‍ ചൈന പാലം നിര്‍മ്മിച്ചതിനെ ഇന്ത്യ നേരത്തെ അപലപിച്ചിരുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും ഒട്ടേറെ സൈനികരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. 2022ല്‍ ഇന്ത്യാസന്ദര്‍ശന വേളയില്‍ യുഎസിന്‍റെ പസഫിക് കമാന്‍ഡിംഗ് ജനറല്‍ ചാള്‍സ് ഫ്ളിന്‍ അതിര്‍ത്തിയിലുള്ള ചൈനയുടെ സൈനിക നീക്കം അപകടകരമാണെന്ന് പ്രസ്താവന നടത്തിയിരുന്നു.