ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ വാങ്ങാനൊരുങ്ങുന്നത് 85 രാജ്യങ്ങള്‍, ലക്ഷ്യം 35,000 കോടിരൂപ

വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയാണ് ഇന്ത്യ ഇപ്പോള്‍ ഒരുക്കുന്നത്. ഇതിലൂടെ 2025നു മുന്‍പ് 35,000 കോടി രൂപയുടെ വില്‍പന നടത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.

ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെട്ട് 85 രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകള്‍ വിളിച്ച് തങ്ങളുടെ ആയുധ നിര്‍മാണ വൈദഗ്ധ്യം അറിയിച്ചു കൊടുക്കുകയും ചെയ്തു.

ഇനി ഈ അറ്റഷെകളായിരിക്കും ഇന്ത്യയുടെ ശേഷിയെപ്പറ്റി തങ്ങളുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകളെ ബോധ്യപ്പെടുത്തുന്നത്.

ഓരോ രാജ്യത്തെയും പ്രതിരോധ അറ്റഷെയ്ക്ക് ഇന്ത്യയുടെ ആയുധ നിര്‍മാണ മികവിനെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ പ്രതിവര്‍ഷം 50,000 ഡോളര്‍ വരെയായിരിക്കും നല്‍കുക. തങ്ങളുടെ രാജ്യങ്ങളിലെ പൊതുമേഖലിയിലും സ്വകാര്യ മേഖലയിലും മെയ്ഡ്-ഇന്‍-ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനായിരിക്കും ഈ പണം ഉപയോഗിക്കേണ്ടത്.