വണ്ണമില്ലാത്ത കാലത്ത് അൽപം വണ്ണം വയ്ക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇന്ദ്രൻസ്

ഇന്ദ്രൻസ് എന്ന് കേൾക്കുമ്പോൾ തീരെ മെലിഞ്ഞ ഹാസ്യ കഥാപാത്രം മനസ്സിൽ ഓടിയെത്തുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു മലയാളിക്ക്. നായകന്റെ കൂട്ടുകാരനായി ഹാസ്യം അവതരിപ്പിക്കുക. ഒരു കാലത്ത് ഹാസ്യനടൻ എന്ന മുദ്രകുത്തപ്പെട്ട മഹാനടൻ. പിന്നീട് കാലങ്ങൾ മാറി. സിനിമ മാറി. നല്ല നല്ല കഥാപാത്രങ്ങൾ തേടിയെത്തി. അദ്ദേഹത്തിന്റെ അഭിനയജീവിതത്തെ വാനോളം ഉയർത്തി പുരസ്കാരങ്ങൾ വരെ തേടിയെത്തി. ഇന്ദ്രൻസ് എന്ന നടനുള്ളിലെ അഭിനയ തികവിനെ പുറത്തെത്തിച്ച സംവിധായരോട് മലയാള സിനിമയ്ക്ക് എന്നും കടപ്പാടുണ്ട്.

വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലെത്തി അഭിനയ രംഗത്ത് വിസ്മയം തീർത്ത സാധാരണക്കാരനാണ് അദ്ദേഹം. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ജാഡയില്ലാത്ത നടനാണ് ഇന്ദ്രൻസെന്നാണ് എല്ലാവരുടെയും അഭിപ്രായം. വണ്ണം കൂടാതിരിക്കാൻ ചെയ്യുന്ന പ്രത്യേക ഡയറ്റുകൾ ഒന്നും ആവശ്യമില്ലാത്തൊരാൾ എന്ന അടക്കം പറച്ചിലും അദ്ദേഹത്തെ കുറിച്ചുണ്ട്. അദ്ദേഹത്തിന്റെ ഭക്ഷണതാത്പര്യങ്ങളാണ് ഇവിടെ വിഷയം.

വണ്ണമില്ലാത്ത കാലത്ത് അൽപം വണ്ണം വയ്ക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം തുറന്ന് പറയുന്നു. ഇറച്ചിയും മീനും കഴിച്ചാൽ മത്രമേ വണ്ണം വയ്ക്കുകയുള്ളു എന്നതു മനസ്സിലാക്കിയപ്പോൾ ‘വണ്ണ’ത്തിനുള്ള ശ്രമം ഉപേക്ഷിച്ചുവെന്നും താരം ചിരിയടിക്കി പറയുന്നു. വണ്ണം വയ്ക്കാൻ ആഗ്രഹിച്ച് ഇതൊക്കെ ചെയ്ത് നടക്കാതായപ്പോൾ നിരാശ തോന്നി. കാരണം ശരീരപ്രകൃതിയിൽ മാറ്റം വരാതിരുന്നതു കൊണ്ടാകും അന്ന് സിനിമയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞത് എന്നാണ് എന്റെ വിശ്വാസം. പിന്നെ നന്നായി വ്യായാമം ചെയ്യാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഭക്ഷണം കഴിക്കാൻ കൂട്ടുകൂടി പോകുന്ന പരിപാടിയൊന്നും ഇല്ല. അങ്ങനെ ആരെങ്കിലും വിളിച്ചാൽത്തന്നെ പിൻവാങ്ങുകയാണ് പതിവ്. മറ്റൊന്നും കൊണ്ടല്ല, അത്രയൊന്നും കഴിക്കാൻ പറ്റാറില്ല. ഇച്ചിരി എന്തെങ്കിലും കഴിക്കുമ്പോഴേ വയറു നിറയുമല്ലോ പിന്നെ എന്തു ചെയ്യാനാണ്. എന്തായാലും ഇന്ദ്രൻസിന്റെ ശരീരപ്രക്യതം മലയാളിക്ക് ഇഷ്ടമാണ്. എന്നും അദ്ദേഹത്തെ അങ്ങനെ തന്നെ കാണാനാണ് ഓരോ അരാധകരും ആ​ഗ്രഹിക്കുന്നതും.