
അക്കൗണ്ടുകള്‍ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇന്‍സ്റ്റാഗ്രാമിലെ സാങ്കേതിക പ്രശ്‌നം പരിഹരിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ലോകത്തെമ്പാടുമുള്ള ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ
അക്കൗണ്ട് തുറക്കാനാകാതായത്. തുടർന്ന് ഇന്ത്യക്കാര്‍ അടക്കം എല്ലാ രാജ്യങ്ങളിൽ നിന്നും പരാതികൾ ഉയർന്നു.
സ്‌ക്രീന്‍ഷോട്ട് സഹിതം ട്വിറ്ററില്‍ നിരവധി ട്വീറ്റുകള്‍ പങ്കുവെക്കപ്പെട്ടു. ഇതോടെ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അക്കൗണ്ടുകള്‍ ഇന്‍സ്റ്റാഗ്രാം മനപ്പൂര്‍വം സസ്‌പെന്‍ഡ് ചെയ്തതല്ല എന്നുമറിയിച്ച് കമ്പനി രംഗത്തെത്തി.
ആപ്പ് തുറക്കാന്‍ ശ്രമിച്ചവര്‍ക്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന സന്ദേശമാണ് കിട്ടിയത്. ഇത്തരം നടപടികളുണ്ടായാല്‍ അക്കൗണ്ട് തിരിച്ചെടുക്കുന്നതിനായി നല്‍കിയ ‘ഡിസ്എഗ്രീ വിത്ത് ഡിസിഷന്‍’ എന്ന സംവിധാനവും പ്രവര്‍ത്തിച്ചില്ല. പിന്നീട് പ്രശ്‌നം പരിഹരിച്ചതായും കമ്പനി അറിയിച്ചു. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് പുറമെ ചിലരുടെ ഫോളോവര്‍മാരുടെ എണ്ണത്തിലും കുറവുണ്ടായി.
വാട്‌സാപ്പിനും സമാനമായ പ്രശ്‌നം കഴിഞ്ഞയാഴ്ച നേരിട്ടിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തേക്ക് ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം നിശ്ചലമായി. പിന്നീട് റൂട്ടറുകളില്‍ വന്ന കോണ്‍ഫിഗറേഷന്‍ മാറ്റങ്ങളാണ് ഇതിന് കാരണമായതെന്ന് വാട്‌സാപ്പ് അറിയിച്ചു. എന്നാൽ ഇന്‍സ്റ്റാഗ്രാമിൽ നേരിട്ട പ്രശ്‌നത്തിന്റെ കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.