ഇറാനില്‍ വിപ്ലവത്തിനൊരുങ്ങി സ്ത്രീകള്‍; പരസ്യമായി ഹിജാബ് ഉപേക്ഷിക്കും

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് സ്ത്രീകള്‍ മുന്നോട്ട് വരുന്നു. ഇറാനിന്റെ പലഭാഗങ്ങളില്‍ നിന്നും വലിയ പ്രതിഷേധമാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ ബുധനാഴ്ച പൊതു സ്ഥലങ്ങളില്‍ പരസ്യമായി ശിരോവസ്ത്രം ഉപേക്ഷിച്ച് പ്രതിഷേധിക്കുമെന്ന് സ്ത്രിപക്ഷ സംഘടനകള്‍ പറയുന്നു. പൗരോഹിത്യ നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ ഭാഗായിട്ടാണ് നടപടി.

കര്‍ശനമായ പൗരോഹിത്യ നിയമങ്ങളാണ് ഇറാനില്‍ നിലനില്‍ക്കുന്നത്. ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചായിരിക്കണം സ്ത്രീകളുടെ വസ്ത്രധാരണം എന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പുരുഷന്മാരും വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി.

ഇസ്ലാമിക സമൂഹത്തിനെ ധാര്‍മ്മികമായ അപചയത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഹിജാബ് നിഷേധം എന്നാണ് ഇബ്രാഹിം റെയ്‌സിയുടെ പ്രതികരണം. ഇറാനില്‍ ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സന്ദേശം നല്‍കുന്ന ശിരോവസ്ത്ര ദിനം ചൊവ്വാഴ്ച ആചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് സ്ത്രീപക്ഷ സംഘടനകള്‍ ബുധനാഴ്ച ഹിജാബ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്.