ലഹരി വിമോചന കേന്ദ്രത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നു, പ്രിവന്റീവ് ഓഫിസറെ ഒഴിവാക്കി എക്സൈസ്

തിരുവനന്തപുരം: എക്സൈസ് – ആരോഗ്യ വകുപ്പുകളുടെ സംയുക്ത സംരംഭമായ ‍ നെയ്യാറ്റിൻകര വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ മരുന്നുകൾ വാങ്ങിയതിലെ ബില്ലുകൾ സെന്ററിലെ മെഡിക്കൽ ആഫീസർ സമർപ്പിച്ചതിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത സെന്ററിന്റെ മേൽനോട്ടം വഹിച്ചിരുന്ന പ്രിവന്റീവ് ഓഫീസറെ തന്നെ ഒഴിവാക്കി എക്സൈസ് വകുപ്പ്. തുടർച്ചയായി സെന്ററിൽ നടന്ന് വരുന്ന ക്രമക്കേടുകൾ മൂടിവയ്ക്കുന്നതിനായി എക്സൈസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്താശയോടെയാണ് നടപടി എന്നാണ് ഉയർന്ന് വരുന്ന ആക്ഷേപം.   

ലഹരി വിമോചനമേഖലയിൽ യാതൊരുവിധ മുൻപരിചയവുമില്ലാതിരുന്ന വ്യക്തിയെ ആണ് ഡ്യൂട്ടി മെഡിക്കൽ ആഫീസറായി വിമുക്തി ലഹരിവിമോചനകേന്ദ്രത്തിൽ രാഷ്ട്രീയപരമായ ഒത്താശയോടെ നിയമിച്ചിരിക്കുന്നത്. അവിടെ വരുന്ന രോഗികളോടും കൂട്ടിരിപ്പ്കാരോടും വളരെ പരുഷമായ രീതിയിലാണ് ഇദ്ദേഹം പലപ്പോഴും പ്രതികരിക്കുന്നത്.

കണക്കുകൾ പ്രകാരം ശരാശരി ഒന്നോ രണ്ടോ പേർ മാത്രമാണ് ചികിത്സയ്ക്കായി ഓരോ ദിവസവും പുതിയതായി സെന്ററിലേക്ക് എത്തുന്നത്. എന്നാൽ ആയതിൽ മിക്കവരെയും സ്കാനിംഗിനും പരിശോധനകൾക്കും നിർദ്ദേശം നല്കുകയും അവർ നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപമുള്ള സ്വകാര്യലാബുകളിലേക്ക് പോകുവാൻ നിർബന്ധിതരാകുന്ന സാഹചര്യവുമാണ് ഇപ്പോൾ ഉള്ളത്. പൂർണ്ണമായും സൗജന്യലഹരിമുക്തചികിത്സ നല്കുന്നു എന്ന് പറയപ്പെടുന്ന സ്ഥാപനത്തിലാണ് ഇത് നടന്ന് വരുന്നത്.

രോഗികൾക്ക് നല്കി വരുന്ന മരുന്നുകൾ വാങ്ങുന്നതിലും വൻ തുകയാണ് ഓരോ മാസവും എക്സൈസ് വകുപ്പ് ചിലവഴിക്കുന്നത്. എന്നാൽ ഓരോ മാസവും ശരാശരി നൂറിൽ താഴെ പേർ മാത്രമാണ് തുടർചികിത്സയ്ക്കായി വന്നിട്ടുള്ളതായി കേന്ദ്രത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.എന്നാൽ ആയത് പോലും മരുന്നുകളിലെ ബില്ലുകളിൽ ക്രമക്കേടുകൾ നടത്തുന്നതിനായി വ്യാജമായ കണക്കുകൾ ആണെന്നാണ് ഉയർന്ന് വരുന്ന ആക്ഷേപം. തുടർചികിത്സയ്ക്കായി വളരെകുറച്ച് പേർ മാത്രമാണ് കേന്ദ്രത്തിലേക്ക് വരുന്നത്.

ഡ്യൂട്ടി മെഡിക്കൽ ആഫീസർ അടക്കം പത്തോളം താത്കാലികജീവനക്കാർ ജോലി ചെയുന്ന കേന്ദ്രത്തിൽ പലപ്പോഴും ജീവനക്കാർ കാണാറില്ല. ലഹരിചികിത്സയ്ക്കായി എത്തുന്നവരിൽ പലരെയും മറ്റ് ആശുപത്രികളിലേക്ക് അയക്കുന്ന പതിവും ഇവിടുണ്ട്. നെയ്യാറ്റിൻകര വിമുക്തി ലഹരിവിമോചനകേന്ദ്രത്തിലെ ചികിത്സ എത്തുവർക്കുള്ള സഹായം, അവിടെയുള്ള ജീവനക്കാരുടെ ഹാജർവിവരം തുടങ്ങിയ കാര്യങ്ങളുടെ മേൽനോട്ടത്തിനായി വിമോചനകേന്ദ്രം ആരം‍ഭിച്ചത് മുതൽ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരുന്ന പ്രിവന്റീവ് ആഫീസറുടെ സേവനമാണ് സെന്ററിലെ മെഡിക്കൽ ആഫീസർ സമർപ്പിച്ച ബില്ലുകളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത് കാരണം എക്സൈസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്താശയോടെ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

മെഡിക്കൽ ആഫീസർ തന്നെ വ്യക്തിപരമായും എക്സൈസ് വകുപ്പിനെ തന്നെ അവഹേളിക്കുന്നതായി ചൂണ്ടികാണിച്ച്  അവിടെ ഡ്യൂട്ടി ചെയ്തിരുന്ന ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല. എന്നാൽ പകരം ലഹരിവിമോചനകേന്ദ്രത്തിൽ എക്സൈസ് വകുപ്പ് നടത്തിവന്ന മേൽനോട്ടവും രോഗികൾക്ക് നല്കി വന്ന സഹായവും ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒഴിവാക്കിയതിൽ സെന്ററിൽ നടന്ന് വരുന്ന സാമ്പത്തികമായും അല്ലാതെയുമുള്ള ക്രമക്കേടുകൾ മൂടിവയ്ക്കുന്നതിനായുള്ള എക്സൈസിലെ തന്നെ ഉന്നതഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണവിധേയമാക്കേണ്ടതാണ്.