മേള രഘുവിനെ മലയാള സിനിമ ചതിച്ചുവോ, ദൃശ്യത്തിലെ താരത്തിന്റെ മരണത്തെക്കുറിച്ച്‌ വൈറല്‍ കുറിപ്പ്

ദൃശ്യം 2 കണ്ട മലയാള പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മേള രഘുവിനെ മറക്കാനിടയില്ല. കുറുകിയ മനുഷ്യനില്‍ വലിയൊരു നടനുണ്ടെന്ന് മലയാളി തിരിച്ചറിഞ്ഞത് മേള എന്ന സിനിമയിലൂടെയായിരുന്നു.

മലയാള സിനിമയില്‍ വര്‍ഷങ്ങളായുള്ള സാന്നിധ്യമായിരുന്നു അന്തരിച്ച നടന്‍ മേള രഘു. വീട്ടില്‍ കുഴഞ്ഞ് വീണ അദ്ദേഹം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്ബോഴാണ് മരിച്ചത്. ശശിധരന്‍ എന്നാണ് യഥാര്‍ത്ഥ പേര്. 60 വയസ്സായിരുന്നു പ്രായം. രഘുവിന്റെ ഓര്‍മ്മയില്‍ അദ്ദേഹത്തെക്കുറിച്ച്‌ സനുജ് എന്നയാള്‍ എഴുതിയ പോസ്റ്റ് വൈറലാവുകയാണ്.

പോസ്റ്റ് ചുവടെ:

ഭിന്നശേഷിക്കാരായ മനുഷ്യരെ കോമാളിത്തരം കാണിക്കാന്‍ വേണ്ടി മാത്രമാണ് പണ്ടത്തെ സിനിമകളില്‍ ഉപയോഗിച്ചിരുന്നത്. കഥയുമായി ഒരു ബന്ധവുമില്ലാത്ത രീതിയില്‍ ഏച്ചു കെട്ടിയ തരം താണ തമാശ രംഗങ്ങളില്‍ പ്രധാന താരത്തിന് തല്ലാനും കളിയാക്കാനുമൊക്കെയായി ചേര്‍ക്കുന്ന കഥാപാത്രങ്ങളായി അവരില്‍ പലരും വന്നു പോയി. ഒരുപക്ഷെ അതിനാദ്യമായി ഒരു മാറ്റമുണ്ടാക്കിയത് ശ്രീ. കെ ജി ജോര്‍ജ് ആയിരിക്കും. തമ്ബിലെ ജീവിതങ്ങളുടെ കഥ പറയുന്ന “മേള” എന്ന ചിത്രത്തില്‍ അദ്ദേഹം സൃഷ്ടിച്ച ഗോവിന്ദന്‍ കുട്ടി എന്ന കഥാപാത്രത്തെ അനശ്വരനാക്കിയത് രഘു എന്ന കലാകാരനായിരുന്നു. കളിയാക്കലുകള്‍ മാത്രം കേട്ട് വളര്‍ന്ന, സര്‍ക്കസ്സില്‍ ബഫൂണ്‍ ആണെങ്കിലും ജീവിതത്തില്‍ ഒരു സാധാരണ മനുഷ്യനെ പോലെ സന്തോഷിക്കുകയും സങ്കടപ്പെടുകയും സ്നേഹിക്കുകയും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന സങ്കീര്‍ണമായ ഒരു കഥാപാത്രത്തെയാണ് രഘു അത്യുജ്വലമായി അഭിനയിച്ചു ഫലിപ്പിച്ചത്.

മമ്മൂട്ടിയുള്‍പ്പെടെ മറ്റനവധി അഭിനേതാക്കള്‍ അണിനിരന്ന ആ ചിത്രത്തില്‍ അവരെയെല്ലാം കവച്ചു വയ്ക്കുന്ന രീതിയില്‍ മനോഹരമായി ഗോവിന്ദന്‍ കുട്ടിയെ രഘു അവതരിപ്പിച്ചു. സിനിമയുടെ ക്ലൈമാക്സില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുന്ന ഗോവിന്ദന്‍ കുട്ടിയെ കണ്ണീരോടു കൂടി മാത്രമേ കണ്ടിരിക്കാനാവൂ. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും നിര്‍ഭാഗ്യവാനായ ഒരാളായിരുന്നു രഘു. കോളജില്‍ പഠിക്കുമ്ബോള്‍ സാക്ഷാല്‍ ശ്രീനിവാസനാണ് രഘുവിനെ മേളയിലേക്ക് ക്ഷണിക്കുന്നത്. സിനിമ ശ്രദ്ധിക്കപെടുകയും ചെയ്തു. എന്നാല്‍ വെട്ടൂര്‍ പുരുഷനെ പോലെ സിനിമയില്‍ നിന്ന് കിട്ടിയ പ്രശസ്തി ഉപയോഗിച്ച്‌ കുറച്ചു കൂടി സുരക്ഷിതത്വമുള്ള മറ്റൊരു ജോലി കണ്ടുപിടിക്കാനൊന്നും അദ്ദേഹം ശ്രമിച്ചില്ല എന്ന് തോന്നുന്നു.