ഞാന്‍ ഗര്‍ഭിണിയല്ല, ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; ഇഷാനും സൂര്യയും പറയുന്നു

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാനും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായിരുന്നു. ഇപ്പോള്‍ ഇഷാന്റെ രക്തത്തില്‍ പിറക്കുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം പലരും വാര്‍ത്തയുമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചോടിച്ച് സൂര്യ ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് വരെ പ്രചരിപ്പിച്ചതായി ഇവര്‍ പറയുന്നു. താന്‍ ഇപ്പോള്‍ ഗര്‍ഭിണിയല്ല, ഗര്‍ഭിണിയാകാനുള്ള ഒരുക്കത്തില്‍ മാത്രമാണ്, ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, അത് ഞങ്ങളുടെ സ്വപ്നയാത്രയ്ക്ക് തടസമാകും എന്ന് സൂര്യയും ഇഷാനും പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ ആശങ്കകള്‍ പുറത്തറിയിച്ചത്.

‘ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഒരു മാസികയ്ക്ക് ഞങ്ങള്‍ നല്‍കിയ അഭിമുഖത്തെ വല്ലാതെ വളച്ചൊടിക്കുകയാണ് ചെയ്തത്. കുഞ്ഞെന്ന സ്വപ്നത്തിലേക്കുള്ള ഞങ്ങളുടെ യാത്ര ശരിക്കും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ ഞങ്ങളുടെ സ്വപ്നത്തിന് അത് തടസ്സമായി മാറും. സ്വപ്നയാത്രയ്ക്കുള്ള ആദ്യപടിയായി ഞാന്‍ ആദ്യം ഗര്‍ഭപാത്രം സ്വീകരിക്കേണ്ടതുണ്ട്, അതിനുശേഷമാണ് ബാക്കി ഉള്ള കടമ്പകള്‍’- സൂര്യ പറഞ്ഞു. ‘ശസ്ത്രക്രിയയ്ക്കും ഗര്‍ഭിണിയാകാനും മറ്റുമായി ഒരുപാട് കടമ്പകളാണ് ഇനിയും കടക്കാനുള്ളത്. അതിനുള്ള പ്രാര്‍ത്ഥനയും, സഹായവുമാണ് വേണ്ടത്. മുപ്പത്തിയഞ്ച് ലക്ഷത്തില്‍ അധികമാകും ഞങ്ങളുടെ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്ക്. അതിനായി ആരെങ്കിലും നമ്മളെ സഹായിക്കേണ്ടതുണ്ട്. ഞങ്ങളുടെ കൈയ്യില്‍ അത്രയും തുകയില്ല . അത് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിലെ ഒരു ആശുപത്രിയില്‍ ആണ് ഞങ്ങള്‍ ചികിത്സ തേടിയത്. ‘

‘അമ്മയാകാന്‍ ഉള്ള തയ്യറെടുപ്പിനുള്ള ആദ്യ പടിയെന്നോണം ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിലാണ് ഞാനിപ്പോള്‍. മുലയൂട്ടുന്നതിനായി ആര്‍ട്ടിഫിഷ്യലായി മുലപ്പാല്‍ ഉണ്ടാകാനുള്ള ഹോര്‍മോണ്‍ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന ഘട്ടത്തിലാണിപ്പോള്‍. അതേസമയം തന്നെ ശരീരത്തിന് അതിന്റെതായ ബുദ്ധിമുട്ടുകള്‍ പലതാണ്. ഹൈ ഡോസിലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ എത്തുമ്പോള്‍ ഉണ്ടാകാവുന്ന ശാരീരിക മാറ്റം എനിക്കും ഉണ്ടായിട്ടുണ്ട്. അതാണിപ്പോള്‍ വല്ലാതെ വണ്ണം വയ്ക്കുന്നത്. ആളുകള്‍ എന്റെ വണ്ണവും, തെറ്റായ വാര്‍ത്തയും കാണുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയാണ് എന്ന് തെറ്റിദ്ധരിക്കുന്നു’

‘ശരിക്കും പറഞ്ഞാല്‍ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഗര്‍ഭിണി ആണെന്നപോലെ ഒരുപാടാളുകള്‍ ആശംസ അയയ്ക്കുന്നു, പലഹാരങ്ങളുമായി കാണാന്‍ വരുന്നു. അതൊക്കെ സ്‌നേഹം കൊണ്ടാണെന്ന് അറിയാം. പക്ഷേ അതിനൊരു മറുവശവും ഉണ്ട്. എനിയ്ക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങാന്‍ പോലും ആകുന്നില്ല. ആളുകളുടെ സ്‌നേഹവും കരുതലും മനസിലാവാഞ്ഞിട്ടല്ല, യഥാര്‍ത്ഥ്യമാവണമെന്ന് ഞങ്ങള്‍ അത്രമേല്‍ ആഗ്രഹിക്കുന്ന സ്വപനം യഥാര്‍ത്ഥമാവുന്നതിന് മുമ്പ് ഇതൊക്കെ ശരിക്കും ടെന്‍ഷന്‍ നല്‍കുന്നുണ്ട്. അമ്മയാകാന്‍ സന്തോഷം മാത്രമാണ്, എന്നാല്‍ ഇപ്പോള്‍ എന്നെ പറ്റി ഇഷാനും നല്ല ആധിയുണ്ട്. എന്തായാലും ഒരു വര്‍ഷത്തിനുളില്‍ ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍. ഞങ്ങള്‍ക്ക് അത് സാധ്യമായാല്‍ ഞങ്ങളെ പോലെയുള്ള ആളുകള്‍ക്ക് അതൊരു പ്രചോദനമാകും കൂടുതല്‍ പേര്‍ ഞങ്ങളുടെ ആശയവുമായി മുന്‍പോട്ട് വരും അതാണ് ഞങ്ങളുടെ ലക്ഷ്യവും. ‘. ഇരുവരും മനസ്സ് തുറക്കുന്നു. ചില സിനിമകളിലേക്കും, ഷോര്‍ട്ട് ഫിലിമുകളിലേക്കും തനിക്ക് ക്ഷണം കിട്ടിയതായും സൂര്യ പറയുന്നു.