Home kerala ആഴക്കടലിലെ മയക്കുമരുന്ന് വേട്ട, പിടികൂടിയ പാക് പൗരൻ കാരിയർ, പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐ, കൂടുതൽ...

ആഴക്കടലിലെ മയക്കുമരുന്ന് വേട്ട, പിടികൂടിയ പാക് പൗരൻ കാരിയർ, പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐ, കൂടുതൽ കണ്ടെത്തലുമായി എൻസിബി

എറണാകുളം: കൊച്ചി ആഴക്കടലിലെ മയക്കുമരുന്ന്കടത്തിന് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐ. ലഹരിക്കടത്ത് ശൃംഖലയായ ഹാജി സലിമിനെ നിയന്ത്രിക്കുന്നതും ഐഐഐയെന്നതിന് കൂടുതൽ തെളിവുകൾ എൻസിബിക്ക് ലഭിച്ചു. ലഹരിക്കടത്തിനെ കുറിച്ചുള്ള അന്വേഷണവും പാക് ചാരസംഘടനയിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്. അതേസമയം പിടിയിലായ പാക് പൗരൻ കാരിയർ ആണെന്നാണ് നിഗമനം.

പാകിസ്താൻ സ്വദേശിയായ കള്ളക്കടത്തുകാരന് വേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്നും പ്രതി സുബൈർ മൊഴി നൽകി. മയക്കുമരുന്ന് കടത്തിക്കൊടുക്കുന്നതിൽ വലിയ തുകയാണ് പ്രതിയ്‌ക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്. നേരത്തെ കൊച്ചി തീരത്ത് നിന്നും എൻസിബിയും, നാവിക സേനയും ചേർന്ന് പിടികൂടിയ 1200 കോടി രൂപ വിലവരുന്ന 200 കിലോ ഹെറോയിൻ എത്തിയത് പാകിസ്താനിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് 25,000 കോടി രൂപയുടെ മയക്കുമരുന്നുമായി എത്തിയ ബോട്ട് മെയ് 10ന് ഓപ്പറേഷൻ സമുദ്രഗുപ്തയുടെ വലയിൽ കുടുങ്ങിയത്. ഹാജി സലിം ഗ്രൂപ്പിന് വേണ്ടിയാണ് ലഹരിക്കടത്തെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ എൻസിബിക്ക് ലഭിച്ചിരുന്നു. ഇതോടെ അടുത്തിടെ നടന്ന മൂന്ന് വൻ ലഹരിക്കടത്തിനും പിന്നിൽ പാകിസ്താനാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഇന്ത്യയിൽ ആഭ്യന്തര സംഘർഷങ്ങൾക്കും, രാജ്യ വിരുദ്ധ ശക്തികളുടെ ഫണ്ടിംഗിനും ഹാജി സലിമിനെ ഐഎസ്ഐയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി ലഹരിക്കടത്ത് നടത്തി വരുന്ന സംഘമാണ് ഹാജി സലിം ഗ്രൂപ്പ്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും ബന്ധമുള്ളതാണ് ഹാജി സലിം നെറ്റ് വർക്ക്. ദൗത്യത്തിനിടെ കടത്തുകാർ മുക്കിയ മദർ ഷിപ്പിൽ പിടിച്ചെടുത്തതിനെക്കാൾ കൂടുതൽ അളവിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ തിരച്ചിൽ തുടർന്നു വരികയാണ്.

ജി പി എസ് സംവിധാനത്തിന്റെ സഹായത്തോടെ ഇവ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുകയാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. മദർഷിപ്പ് ഇന്ത്യൻ സമുദ്രാതിർത്തിയിലാണോ അന്താരാഷ്‌ട്ര കപ്പൽ ചാലിലാണോ മുക്കിയതെന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. റിമാൻഡിൽ കഴിയുന്ന പാക് പൗരനെ വിശദമായി ചോദ്യം ചെയ്യുന്നതിന് അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.