ഐഎസ്ആര്‍ഒ ചാരക്കേസ്, മുന്‍ സിഐ എസ് വിജയൻ കെട്ടിച്ചമച്ചത്, നമ്പി നാരായണന് മര്‍ദനം ഏറ്റിരുന്നു, സിബിഐ കുറ്റപത്രം

തിരുവനന്തപുരം ∙ ഐഎസ്ആര്‍ഒ ഗുഢാലോചന കേസ് മുന്‍ സിഐ എസ് വിജയൻ കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സിഐ ആയിരുന്ന എസ് വിജയന്‍ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മറിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബി ടീമിനെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനം. ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

ചാരക്കേസ് അന്വേഷിക്കാന്‍ വിജയനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകനായ സുരേഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന് ക്രൂരമായി മര്‍ദനം ഏറ്റിരുന്നെന്നും ഇനിയും മര്‍ദിച്ചിരുന്നെങ്കില്‍ മരിക്കുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നതായും ശ്രീകൃഷ്ണ ഹോസ്പിറ്റല്‍ ഉടമ വി.സുകുമാരന്‍ പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്.

ചാരവൃത്തി ആരോപണത്തിൽ കേസ് എടുക്കാന്‍ നിര്‍ദേശിച്ചത് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആണെന്ന വിജയന്റെ വാദം കളവായിരുന്നു എന്നാണ് മുന്‍ എപിപി ഹബീബുള്ളയുടെ മൊഴി. ചാരപ്രവര്‍ത്തനം നടന്നതായി യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് കുമാര്‍ മൊഴി നല്‍കിയിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ ആയിരുന്ന നമ്പി നാരായണനെ ഐബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍, അവശനായിരുന്ന നമ്പി നാരായണനെ പരിശോധിക്കാൻ ഡോ. സുകുമാരനെ എത്തിച്ചത് താനായിരുന്നു എന്ന് റിട്ട. എസ്‌പി ബേബി ചാള്‍സ് മൊഴി നല്‍കിയിട്ടുണ്ട്. മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ സിഐ കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്ഐആറിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എഫ്ഐആറിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.