ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാം പ്രതിയെന്ന് സർക്കാർ

ആനക്കൊമ്പ് കേസിൽ ഒന്നാം പ്രതി മോഹൻലാൽ. കേസിൽ പെരുമ്പാവൂർ മജിസ്ടേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറി. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുഖ്യവനപാലകൻ മുൻകാല പ്രാബല്യത്തോടെ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മജിസ്ട്രേറ്റ് കോടതിയിൽ ഈ മാസം 16 ന് കുറ്റപത്രം സമർപ്പിച്ചത്.
മോഹൻലാലിനെ കൂടാതെ ഈ കേസിൽ മറ്റ് നാല് പ്രതികൾ കൂടിയുണ്ട്. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ മൂന്നാം പ്രതിയും, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്.