ഭക്ഷണത്തിനായി മാത്രമല്ല, ഫോൺ ചാർജ് ചെയ്യാനും ചക്ക ഉപയോ​ഗിക്കാം

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ ചക്കയിൽ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നു. ചക്കകൊണ്ടുള്ള വിഭവങ്ങളായിരുന്നു മലയാളിയുടെ തീന്മേശയിൽ മുഴുവൻ,, എന്നാൽ ഇപ്പോൾ പുതിയ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ സ്കൂൾ ഓഫ് കെമിക്കൽ ആൻഡ് ബയോമോളിക്കുലർ എൻജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസർ വിൻസന്റ് ഗോമസ്. ചക്കയുപയോ​ഗിച്ച് മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യാമെന്നാണ് പുതിയ ​ഗവേഷണം. ഇതിനായി ചക്ക മുഴുവന്‍ വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച്‌ ബാക്കിവരുന്ന കൂഞ്ഞില്‍ മാത്രംമതി പവര്‍ബാങ്ക് ഉണ്ടാക്കാന്‍.

ചക്കയുടെ കൂഞ്ഞില്‍ അടക്കമുള്ള മാംസളഭാഗം ഈര്‍പ്പം നീക്കംചെയ്ത് കാര്‍ബണ്‍ എയ്റോജെല്‍ ആക്കി ഉണ്ടാക്കുന്ന ഇലക്‌ടോഡുകള്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ആണെന്നാണ്‌ കണ്ടെത്തല്‍. ചക്കക്കൂഞ്ഞിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈര്‍പ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്ബോള്‍ കാര്‍ബണ്‍ എയ്റോജെല്‍ കിട്ടും. ഇത് ഇലക്‌ട്രോഡുകളാക്കി അതില്‍ വൈദ്യുതി സംഭരിക്കുന്നു.

സാധാരണ ബാറ്ററികളിൽ സംഭരിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഇതിൽ അതിവേഗം സംഭരിക്കാമെന്ന് ഗവേഷകൻ പറയുന്നു. അതിവേഗ ചാർജ് കൈമാറ്റവും ഈ കപ്പാസിറ്ററുകൾ പ്രകടിപ്പിക്കുന്നു. ഇത് മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കും. ചക്കയ്ക്കുപുറമേ ദുരിയാന്‍ പഴത്തിന്റെ കൂഞ്ഞും ഇതിനായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. എന്തായാലും പുതിയ കണ്ടെത്തല്‍ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.