ജയ്പൂര്‍ രാജകുമാരി വിദ്യാധര്‍ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ വിജയമുറപ്പിച്ചു

ജയ്പൂര്‍ : ബിജെപി സ്ഥാനാര്‍ത്ഥിയും രാജ്‌സമന്ദ് എംപിയുമായ ദിയാ കുമാരി രാജസ്ഥാനിലെ വിദ്യാധര്‍ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ വിജയമുറപ്പിച്ചു. ജയ്പൂര്‍ രാജകുമാരിയാണ് ദിയാ കുമാരി. കോണ്‍ഗ്രസിന്റെ സീതാറാം അഗര്‍വാളിനെതിരെ 71,368 വോട്ടുകള്‍ക്കാണ് ദിയാ കുമാരി സ്ഥാനമുറപ്പിച്ചത്.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ മികച്ച പ്രകടനത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണെന്ന് വിജയത്തിന് ശേഷം ദിയാ കുമാരി പ്രതികരിച്ചു. മോദി മാന്ത്രികത എല്ലായിടത്തും പ്രവര്‍ത്തിച്ചെന്ന് അവര്‍ പറഞ്ഞു.

ജയ്പൂര്‍ നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരി മഹാരാജാ മാന്‍ സിംഗ് രണ്ടാമന്റെ ചെറുമകളാണ് ദിയാ കുമാരി. 2013 ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2013 ല്‍ സവായ് മധോപൂരില്‍ നിന്ന് കിരോഡി ലാല്‍ മീണയെ പരാജയപ്പെടുത്തി രാജസ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

‘ഈ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി മോദി, അമിത് ഷാ ജി, ജെപി നദ്ദ ജി, സംസ്ഥാന നേതാക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ്. മോദിജിയുടെ മാന്ത്രികത രാജസ്ഥാനിലും എംപിയിലും ഛത്തീസ്ഗഡിലും പ്രവര്‍ത്തിച്ചു -ദിയാകുമാരി പറഞ്ഞു.