മൃതദേഹത്തില്‍ പരിക്കുകളില്ല, ജംഷീദ് ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറയുന്നവര്‍ എന്ത് കൊണ്ട് നാട്ടിലെത്തിച്ചില്ല; ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതാണെന്ന സുഹൃത്തുക്കളുടെ വാദം തള്ളി കുടുംബം

കോഴിക്കോട്: റെയില്‍ വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശിയായ ജംഷീദ് ആത്മഹത്യ ചെയ്തതാണെന്ന വാദം അംഗീകരിക്കാതെ കുടുംബം.മൊബൈല്‍ ഫോണ്‍ ബെംഗളൂരുവിലെ ബസ് സ്റ്റാന്‍ഡില്‍ വെച്ച്‌ ജംഷീദ് എറിഞ്ഞ് പൊട്ടിച്ചെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ നമ്ബറില്‍ വിളിച്ചാല്‍ കിട്ടുന്ന റെക്കോര്‍ഡിഡ് മറുപടി മലയാളത്തിലാണ്. ജംഷീദ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതാണെന്ന സുഹൃത്തുക്കളുടെ വാദം പാടെ തള്ളുകയാണ് കുടുംബം. ഇതിന് കാരണങ്ങളും ഇവര്‍ നിരത്തുന്നു.

ജംഷീദ് ട്രെയിനിന് മുന്നില്‍ ചാടിയതാണെങ്കില്‍ മൃതദേഹത്തില്‍ ഗുരുതര പരുക്കുകള്‍ കാണേണ്ടതാണ്. എന്നാല്‍ മൃതദേഹത്തില്‍ കാര്യമായ പരുക്കുകളില്ല, മാത്രമല്ല മൃതദേഹം കിടന്നത് പാളത്തിലെ ഇരുമ്ബ്‌റാഡുകള്‍ക്കുള്ളിലാണ്.  ജംഷീദ് ബം​ഗളൂരുവില്‍ വെച്ച്‌ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറയുന്ന സുഹൃത്തുക്കള്‍ എത്രയും പെട്ടന്ന് അവനെ വീട്ടില്‍ തിരിച്ചെത്തിക്കുന്നതിന് പകരം രാത്രി റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയാണുണ്ടായത്. ഇതിലും ദുരൂഹതയുണ്ട്. അഫ്‌സല്‍ എന്ന സുഹൃത്തിനൊപ്പം യാത്രപോകുന്നെന്ന് പറഞ്ഞാണ് ജംഷീദ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഇയാള്‍ നാട്ടില്‍ത്തന്നെയുണ്ടായിരുന്നതും ദുരൂഹമെന്നാണ് മാതാപിതാക്കളുടെ പരാതി.

കഴിഞ്ഞ ബുധനാഴ്ചയാണ് ജംഷീദിനെ കര്‍ണാടകയിലെ മാണ്ഡ്യയിലെ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങും വഴി രാത്രിയില്‍ മാണ്ഡ്യയില്‍ റെയിവെ ട്രാക്കിന് സമീപം കാര്‍ നിര്‍ത്തി എല്ലാവരും ഉറങ്ങിയെന്നും പിറ്റേന്ന് രാവിലെയാണ് ജംഷീദിനെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടതെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ വീട്ടുകാരോട് പറഞ്ഞത്.ആരോപണങ്ങള്‍ നിഷേധിച്ച്‌ ഒപ്പമുണ്ടായിരുന്നവര്‍ജംഷീദിന്റെ കുടുംബം പറയുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ജംഷീദ് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. കര്‍ണാടകയില്‍ വെച്ച്‌ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫെബിന്‍ പറയുന്നു.

ബംഗളൂരുവില്‍ വെച്ച്‌ ജംഷീദ് മറ്റൊരു സുഹൃത്തിനെ കാണാന്‍ പോയിരുന്നു. അതിന് ശേഷം ഒന്നര ദിവസം കഴിഞ്ഞാണ് ജംഷീദ് തങ്ങളുടെ കൂടെ വന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.ഒമാനില്‍ നിന്നും നാട്ടിലെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് ഉള്ളിക്കാം കുഴിയില്‍ ജംഷീദ് കഴിഞ്ഞ ശനിയാഴ്ച്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ബംഗാളൂരുവിലേക്ക് യാത്ര പോയത്. തുടര്‍ന്ന് ജംഷീദിന് അപകടത്തില്‍ പരിക്കേറ്റെന്ന് ബുധനാഴ്ച്ച സുഹൃത്തുക്കള്‍ ജംഷീദിന്റെ ബന്ധുക്കളെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു.