ജംഷിദിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

കർണാടകയിലെ മാണ്ഡ്യയിൽ കോഴിക്കോട് സ്വദേശി ജംഷിദിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷിദിനെയാണ് (25) റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒമാനിൽനിന്ന് അവധിക്കെത്തിയ ജംഷിദ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന പേരിലാണ് കർണാടകയിൽ പോയത്. യാത്രയ്‌ക്കിടെ കാർ നിർത്തി ഉറങ്ങിയെന്നും ഉണർന്നപ്പോൾ കണ്ടില്ലെന്നുമുള്ള സുഹൃത്തുക്കളുടെ മൊഴി അവിശ്വസനീയമാണെന്നു ചൂണ്ടിക്കാട്ടി ജംഷിദിന്റെ കുടുംബം കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് ജംഷിദ് അഫ്സൽ എന്ന സുഹൃത്ത് ഉൾപ്പെടെയുള്ളവർക്കൊപ്പം  പോയത്. മൊബൈൽ നഷ്ടമായെന്നും ഒരു കടയിൽനിന്നാണ് വിളിക്കുന്നതെന്നും ആ നമ്പറിലേക്ക് വിളിച്ചാൽ കിട്ടില്ലെന്നും വ്യക്തമാക്കി ഞായറാഴ്ച രാവിലെ വീട്ടിലേക്കു ഫോൺ ചെയ്തിരുന്നു.