ജാനകി മരിച്ചിട്ടില്ല, ചെറിയൊരു ഓപ്പറേഷൻ മാത്രമാണ് നടത്തിയത്, വ്യാജ വാർത്തക്കെതിരെ കുടുംബം

സോഷ്യൽ മീഡിയയിലൂടെ പലതവണ പ്രചരിച്ച വ്യാജവാർത്തയാണ് എസ് ജാനകി മരിച്ചു എന്നുള്ളത്. ഞായറാഴ്ച വൈകുന്നേരം മുതലാണ് ജാനകി മരണപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നിരവധിപ്പേരാണ് വാർത്ത ഷെയർ ചെയ്തത്. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ജാനകിയുടെ കുടുംബം. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും കുടുംബം അറിയിച്ചു.

സമൂഹമാധ്യമങ്ങളിൽ ജാനകി മരണപ്പെട്ടു എന്ന് വാർത്ത പ്രചരിച്ചതിനു പിന്നാലെ ഗായകരടക്കമുള്ളവർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഗായകൻ മനോ മരണവാർത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു. “ജാനകിയമ്മയോട് സംസാരിച്ചു. അവർ ഇപ്പോൾ മൈസൂരിലാണ്. പൂർണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക”.- മനോ ട്വീറ്റ് ചെയ്തു. നടൻ മനോബാലയും വിഷയ സംബന്ധിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗായകൻ എസ്പി ബാലസുബ്രഹ്മണ്യവും വാർത്ത വ്യാജമാണെന്ന് അറിയിച്ചു.

2017 ഒക്ടോബറിലാണ് ജാനകിയമ്മ പാട്ട് നിർത്തിയത്. മൈസൂരുവിൽ ഇന്നലെ നടന്ന സ്വകാര്യ പരിപാടിയിലാണ് ജാനകി തൻ്റെ അവസാന ഗാനം ആലപിച്ചത്. മൈസൂരു മാനസ ഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ ഹർഷാരവം ഏറ്റ് വാങ്ങിയാണ് ജാനകിയമ്മ തന്റെ അവസാന ഗാനം പാടിയത്. കഴിഞ്ഞവർഷം ‘പത്തുകൽപ്പനകൾ’ എന്ന മലയാളസിനിമയിൽ പാടിയശേഷം സംഗീതജീവിതം നിർത്താൻ തീരുമാനിച്ചതാണ്.എന്നാൽ, മൈസൂരു മലയാളിയായ മനു ബി. മേനോൻ നേതൃത്വംനൽകുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിൾ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാൻ തയ്യാറായത്.

1950 കളിലാണ് ജാനക സിനിമാ പിന്നണി ഗാനരംഗത്ത് എത്തുന്നത്. നാല് ഭാഷകളിലായ നാൽപ്പത്തിയഞ്ചായിരത്തിലധികം പാട്ടുകൾ പാടിയ എസ് ജാനകി സൗത്ത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ ഭാഗം കൂടെയാണ്. മലയാളി അല്ലാതിരുന്നിട്ടും, മലയാള സിനിമയിൽ പാട്ടുകൾ പാടി പതിനഞ്ച് തവണയോളം തുടർച്ചയായി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ ഗായികയാണ് എസ് ജാനകി.