ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ജനറൽ ബിപിൻ റാവത്തിന്റെ ഓർമ്മയായിട്ട് ഒരു വയസ്സ്

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഓർമ്മയായിട്ട് ഒരു വയസ്സ്. 2021 ഡിസംബർ 8ന് തമിഴ്‌നാട് കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് വീരമൃത്യു വരിച്ചത്. സർജിക്കൽ സ്‌ട്രൈക്കുകളുൾപ്പെടെ സുപ്രധാന സൈനിക നീക്കങ്ങൾക്ക് ചുക്കാൻപിടിച്ച ബിപിൻ റാവത്തിനെ രാജ്യം ആദരവോടെ ഓർക്കുന്നു.

തമിഴ്‌നാടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തുമുൾപ്പെടെ 14 പേർ മരിച്ചത്. കരസേനാ മേധാവിയായിരുന്ന ബിപിൻ റാവത്തിനെ 2020 ജനുവരി ഒന്നിനാണ് കേന്ദ്രസർക്കാർ മൂന്ന് സേനകളുടെയും സംയുക്ത മേധാവിയായി നിയോഗിച്ചത്. അതിർത്തികടന്ന് ഭാരതം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനും വ്യോമാക്രമണത്തിനുമെല്ലാം ചുക്കാൻ പിടിച്ചിരുന്നത് അദ്ദേഹം ആയിരുന്നു.

രാജ്യസ്‌നേഹവും അർപ്പണ മനോഭാവവും രാജ്യത്തിന് വേണ്ടി നടത്തിയിട്ടുള്ള ധീര നടപടികളുമെല്ലാം തന്നെയാണ് ബിപിൻ റാവത്തിനെ മൂന്ന് സേനകളുടെയും സംയുക്ത മേധാവി പദവിയിലെത്തിച്ചത്. 1978 ഡിസംബർ 16ന് പതിനൊന്നാം ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലൂടെയാണ് അദ്ദേഹം സൈനികസേവനം ആരംഭിക്കുന്നത്. 2016 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെ കരസേനാ മേധാവിയായിരുന്നു.

പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ,സേനാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. എന്നാൽ ഹെലികോപ്റ്റർ അപകടത്തിലൂടെ അദ്ദേഹത്തെ രാജ്യത്തിന് നഷ്ട്ടമാകുകയായിരുന്നു.