വിദ്യാര്‍ത്ഥികളെ പിടിച്ചത് മാവോയിസ്റ്റ് വേട്ടയില്‍ നിന്നും മുഖം തിരിക്കാന്‍ ; സര്‍ക്കാരിനെതിരെ സിപിഐ മുഖപത്രം

തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് അട്ടപ്പാടിയില്‍ പോലീസ് നടത്തിയ മാവോയിസ്റ്റ് വേട്ടയില്‍ നിന്നും മുഖം തിരിക്കാനെന്ന വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് എഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യമുള്ളത്. ലഘുലേഖയുടെ പേരില്‍ യുഎപിഎ ചുമത്തിയ പോലീസിന് യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കാനായിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഒരു ലഘുലേഖയുടെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് ബന്ധം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ ദുരൂഹ ലക്ഷ്യമുണ്ട്. നഗരമാവോയിസ്റ്റ് എന്ന വിശേഷണമാണ് ഇവര്‍ക്ക് പൊലീസ് മുദ്രകുത്തിയിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ആശയപ്രചാരണം നടത്തിയെന്നതിന്റെ പേരില്‍ യുഎപിഎ ചുമത്തിയതെന്ന ചോദ്യത്തിന് പൊലീസ് മറുപടി നല്‍കുന്നില്ല. കാട്ടിലുള്ളവരുടെ നാട്ടിലെ കണ്ണികളാണിവരെന്ന് അറസ്റ്റിലായവരെക്കുറിച്ച് പൊലീസ് ആരോപിക്കുന്നതിന്റെ പിന്നിലെ തെളിവെന്താണ്. വസ്തതാപരമായ അന്വേഷണം നടത്താതെയാണ് അറസ്റ്റ്.

പോലീസ് ഉദ്യോഗസ്ഥരുടെ നിഗൂഡമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടതുണ്ടെന്നും പറയുന്നു. അറസ്റ്റിന് പശ്ചാത്തലം മഞ്ചക്കണ്ടിയില്‍ നടന്ന വ്യാജ ഏറ്റുമുട്ടലാണ്. കാടിനുള്ളിലെ കൊടുംക്രൂരതകളുടെ വാര്‍ത്തകള്‍ വഴിതിരിച്ചുവിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കരിനിയമം ചുമത്തിയതിലൂടെ കഴിഞ്ഞു. വായനാമുറിയിലെ പുസ്തകങ്ങളുടെ പേരില്‍ തീവ്രവാദികയും ഭികരവാദിയുമായി കരിനിയമം ചാര്‍ത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും പത്രം പറയുന്നു.

വിഷയത്തെ രാഷ്ട്രീയമായി സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ അവസരമൊരുക്കിക്കൂടാ. അതിന് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പൊലീസിന്റെ നടപടി സംസ്ഥാന സര്‍ക്കാരിനെ തന്നെ ആശയക്കുഴപ്പത്തിലെത്തിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് ഭരണകൂടമാണെന്ന ബോധ്യം പൊലീസ് ഉദ്യോഗസ്ഥരില്‍ ഇല്ലാതെപോയിരിക്കുന്നു എന്നും പത്രം വിമര്‍ശിക്കുന്നു.

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപനടപടിയില്‍ സര്‍ക്കാരിനും പോലീസിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രെഗത്തെത്തി. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ അംഗീകരിക്കാനാകില്ലെന്നും ജനാധിപത്യ വിരുദ്ധമായ കരിനിയമമാണ് യുഎപിഎയെന്നും യെച്ചൂരി വ്യക്തമാക്കി. ഈ നിയമം പിന്‍വലിക്കണമെന്നാണ് സിപിഎം നിലപാട്. യുഎപിഎ പിന്‍വലിക്കുംവരെ പോരാട്ടം തുടരുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

സിപിഐക്കു പുറമേ സിപിഎം നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും യു.എ.പി.എ. പിന്‍വലിക്കില്ലെന്നും ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജി പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊലീസിന് എതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തി. പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും സര്‍ക്കാര്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.