ജന്മഭൂമി ലേഖകൻ കാറിടിച്ച് മരിച്ചു,റോഡ് വക്കിലൂടെ നടന്നു പോകവേ അപകടം – എം പി ഗോപാലകൃഷ്ണൻ (തലശേരി)

ജന്മഭൂമിതലശേരി ലേഖകൻ എം പി ഗോപാലകൃഷ്ണൻ കാറപകടത്തിൽ മരിച്ചു.
കാൽ നൂറ്റാണ്ടായി ജന്മഭൂമിയുടെ മുഖം, എം പി ഗോപാലകൃഷ്ണനെന്ന ഗോപാൽജിയുടെ വേർപാട് വിശ്വസിക്കാനാവാതെ സഹപ്രവർത്തകരും.
ജന്മഭൂമി തലശ്ശേരി പ്രാദേശിക ലേഖകനായിരുന്ന എം.പി. ഗോപാലകൃഷ്ണന്റെ വേർപാടിലൂടെ നഷ്ടമായത് ശ്രദ്ധേയനായ പത്രപ്രവർത്തകനെയും, ഒപ്പം തലശ്ശേരി മേഖലയിലെ മികച്ച പൊതുപ്രവർത്തകനേയും.റോഡരികിലൂടെ
നടന്നുപോകവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം മരണപ്പെട്ടത്.

ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ജന്മഭൂമിയുടെ തലശ്ശേരി ലേഖകനായി പ്രവർത്തിച്ചു വരുന്ന ഗോപാലകൃഷ്ണൻ ജന്മഭൂമിയിലെ മറ്റ് പ്രാദേശിക
ലേഖകന്മാർക്ക് മാതൃകയായിരുന്നു. സംഘർഷ കാലഘട്ടങ്ങളിലടക്കം ഏത് പാതിരാത്രിയിലും ജന്മഭൂമിക്ക് വേണ്ടി വാർത്തകൾ തയ്യാറാക്കി അയച്ചിരുന്ന അദ്ദേഹം തലശ്ശേരി മേഖലയിൽ കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി വ്യക്തിബന്ധംവെച്ച് പുലർത്തിയ പൊതുപ്രവർത്തകൻ കൂടിയായിരുന്നു. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട്, ബിഎംഎസ് ഭാരവാഹി തുടങ്ങി വിവിധനിലകളിൽ പ്രവർത്തിച്ച് തലശ്ശേരിയിലെ രാഷ്ട്രീയ- തൊഴിലാളി മേഖലയിൽ വർഷങ്ങളോളം
നിറസാന്നിധ്യമായിരുന്നു.

സൗമ്യമായ പെരുമാറ്റം ആരേയും ആകർഷിക്കുന്നതായിരുന്നു. ജന്മഭൂമിയിൽ
പ്രവർത്തിക്കുന്നവരുമായും സംഘപരിവാർ നേതാക്കളുമായും,വിവിധമേഖലകളിലെ പ്രവർത്തകരുമായും വളരെ അടുത്ത സുഹൃദ്ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വേർപാട് സംഘപരിവാർ പ്രസ്ഥാനങ്ങൾക്കും, ജന്മഭൂമി ദിനപത്രത്തിനും മാത്രമല്ല തലശേരിക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ കാലയളവുകളിൽ തലശ്ശേരി പ്രസ്ഫോറത്തിന്റെ ഭാരവാഹിയെന്ന നിലയിൽ പ്രസ്ഫോറത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രസന്നയാണ് ഭാര്യ.ശ്യാംബാബു, സംഗീത എന്നിവർ മക്കളും, ഹരിത മരുമകളുമാണ്.