14 വര്‍ഷം മുന്‍പു കടല്‍ കടന്നു ഇസ്രായേലില്‍ പോയ ജയയ്ക്ക് ഉറ്റവരെ കാണാനായില്ല

14 വര്‍ഷം മുമ്പാണ് ജയ തന്റെ പ്രിയപ്പെട്ടവരെ അവസാനമായി കണ്ടത്. കുടുംബത്തിന്റെ സാമ്ബത്തിക പരാധീനതകള്‍ മൂലമാണ് കൊട്ടാരക്കര പള്ളിക്കല്‍ കൂനംകാല ജയ വിജയരാജന്‍ (53) ഇസ്രയേലിലേക്ക് ജോലി തേടി പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജയ ഇസ്രയേലില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചതായാണു വീട്ടുകാര്‍ക്കു ലഭിച്ച വിവരം. ഭര്‍ത്താവിനെയും മക്കളെയും അവസാനമായി ഒരു വട്ടം കാണാനാവാതെയാണ് ജയ ഇസ്രയേലിന്റെ മണ്ണില്‍ പൊലിഞ്ഞു പോയത്

വിദേശത്തു ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് വിജയരാജന്‍ പക്ഷാഘാതം വന്നതോടെയാണ് ജയയുടെ ജീവിതം താറുമാറായത്. 20 വര്‍ഷം മുമ്പാണ്വി ജയരാജന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ നാട്ടിലെത്തിയത്. ഇതോടെ വീട്ടില്‍ സാമ്ബത്തിക ബുദ്ധിമുട്ടുകളേറി. ജയക്ക് ജോലി അത്യാവശ്യമായി വന്നു. ഇതോടെ 14 വര്‍ഷം മുന്‍പു ജയ ഇസ്രയേലിലെ ഒരു നഴ്‌സറി സ്‌കൂളില്‍ കെയര്‍ ടേക്കറായി ജോലിയില്‍ പ്രവേശിച്ചു.

ഭര്‍ത്താവിന്റെ ചികിത്സ നടന്നെങ്കിലും പിന്നീടു ജയക്ക് നാട്ടിലേക്കു വരാന്‍ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷം മുന്‍പു വീട്ടിലേക്കു ഫോണ്‍ ചെയ്താണു ജയ വര്‍ഷങ്ങളായി താന്‍ അസുഖ ബാധിതയാണെന്ന വിവരം അറിയിക്കുന്നത്. വൃക്ക സംബന്ധ രോഗവും സാമ്ബത്തിക ബുദ്ധിമുട്ടുകളും വീട്ടിലറിയിച്ചപ്പോള്‍ മടങ്ങിവരാനും നാട്ടില്‍ ചികിത്സ നടത്താമെന്നും ഭര്‍ത്താവ് പറഞ്ഞെങ്കിലും ജയ മടങ്ങി വന്നില്ല.

മൂന്നര മാസം മുന്‍പു പള്ളിക്കലെ വീട്ടിലേക്കു വീണ്ടും ജയയുടെ ഫോണെത്തി. രോഗം കൂടിയതിനെ തുടര്‍ന്നു മാസങ്ങളായി ആശുപത്രിയിലാണെന്നാണ് അന്നവര്‍ പറഞ്ഞത്. മൂന്നര ലക്ഷം രൂപ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണമായിരുന്നു. താമസിച്ചിരുന്ന വസ്തു പണയപ്പെടുത്തി ജയയുടെ ചികിത്സയ്ക്കായി വീട്ടുകാര്‍ പണം അയച്ചു നല്‍കിയെങ്കിലും ജയയുടെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച വൈകിട്ടു 3 മണിയോടെയാണു ജയ മരിച്ചത്.