തെരഞ്ഞെടപ്പ് ഡ്യൂട്ടിയിൽ സ്ത്രീകളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, ഈ പെണ്ണുങ്ങളുടെ ശാപം എവിടെക്കൊണ്ട് കഴുകിക്കളയും അധികാരികളേ

പ്രതീകാത്മക ചിത്രം

ജനാധിപത്യ സംവിധാനങ്ങൾ ഇത്രയധികം വളർന്നിട്ടും ഇലക്ഷൻ ഡ്യൂട്ടിക്കെത്തുന്ന സ്ത്രീകൾക്ക് എന്നും അടിമപ്പണിയാണ്. പലർക്കും വളരെ ദൂരെ സ്ഥലങ്ങളിലാണ് ജോലി ലഭിക്കുന്നത്. കോടികൾ ഇലക്ഷനായി ചിലവഴിക്കുമ്പോഴും അവിടെയെത്തുന്ന ഉദ്യോ​ഗസ്ഥർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാറില്ല. നമ്മുടെ സർക്കാർ-പൊതുമേഖലാ ജീവനക്കാരും അദ്ധ്യാപകരും, തെരഞ്ഞെടുപ്പ് ജോലിയെ ഭയത്തോടെയും ആധിയോടെയും കാണുന്നതിനാൽ, അവരിൽ ഭൂരിഭാഗവും ഈ ഡ്യൂട്ടിയിൽ നിന്നും ഒഴിവാകാൻ പലവിധ കേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നു. ജയശ്രീ രാജീവ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇത്രയും സാങ്കേതികത്തികവ് നേടിയ ഈ നാട്ടിൽ ഇലക്ഷൻ ഡ്യൂട്ടീടന്ന് രാത്രി വെളുപ്പിക്കാൻ കുറച്ചു കൂടി വളരെക്കുറച്ചു കൂടിയെങ്കിലും സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. വെളുപ്പിനെണീറ്റ് രണ്ടു ദിവസത്തേക്കുള്ള വീട്ടിലെ പണി മുഴുവനും തീർത്ത് വീടുവിട്ടിറങ്ങുനവരാണ് ഈ പെണ്ണുങ്ങളൊക്കെ. ബൂത്ത് നിലകൊള്ളുന്ന സ്‌കൂളുകളിലെ ഇടുങ്ങിയ കക്കൂസുകളിൽ (കുളിമുറിയല്ല) പുറത്തെ സ്ട്രീറ്റ് ലൈറ്റ് പകർന്നു നൽകുന്ന നേരിയ വെട്ടത്തിൽ (അതും ഉണ്ടങ്കിൽ മാത്രം) ഒരു കൈയ്യിൽ തോർത്തും മാറാനുള്ള തുണിയും ഒക്കെ പിടിച്ചുകൊണ്ടുതന്നെ കുളിച്ച്‌, ശേഷം ആ വിഴുപ്പു ഭാണണ്ഡവുമായി നാട്ടുകാരെ മുഴുവനും സാക്ഷിനിർത്തി നമ്രശിരസ്‌കരായി നടന്നു നീങ്ങുന്ന വനിതാ ഉദ്യോഗസ്ഥർ കാഴ്ചക്കാർക്ക് അനുഭൂതി പകരുന്നുണ്ടായിരിക്കാമെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇപ്പൊ കഴിഞ്ഞ ചില ഔദ്യോഗിക ഉത്തരവാദിത്തങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീ എന്ന നിലയിൽ ഒരു കാര്യം പറയണംന്ന് തോന്നി. നമ്മടെ പ്രബുദ്ധ മലയാളി പലപ്പഴും ഒച്ചയും ബഹളവും വയ്ക്ക്ന്നത് പത്തിന്റെ വിലയില്ലാത്ത കാര്യങ്ങൾക്കാണ്. മതം, രാഷ്ട്രീയം, വ്യക്തി സ്വാതന്ത്ര്യം വിഷയം ഏതായാലും ഇവയിലൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതും തീരുമാനങ്ങളെടുക്കേണ്ടതുമായ ഗൗരവമേറിയ കാര്യങ്ങൾ പലതും അവഗണിച്ച്‌ എല്ലാം sensationalise ചെയ്യാനുള്ള വ്യഗ്രതയാണ് നമുക്ക് മിക്കപ്പൊഴും. പറഞ്ഞു വരുന്നത് സ്ത്രീ വിഷയമാണ്.

സ്ത്രീ ശരീരത്തിന്റെ സ്വാഭാവിക പരിണാമങ്ങളെ മതത്തിലും ആചാരങ്ങളിലും കൂട്ടിക്കുഴച്ച്‌ നാട് നടുക്കിയ സൻമാർഗ്ഗികളാണ് നമ്മൾ. വളരെ നല്ല കാര്യമാണ്. ഒപ്പം ഒരു കാര്യത്തിനുംകൂടെ ഒച്ച വയ്ക്കാൻ ആരെയെങ്കിലും കിട്ടുമോ എന്നറിയാനായിരുന്നു. ഈ നാട്ടിൽ നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പല സൗകര്യങ്ങളും വന്നു. ഇലക്ഷൻ ഡ്യൂട്ടിയിലും അവയെല്ലാം പ്രതിഫലിച്ചു. ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ അറിയിക്കൽ, ഓരോ ബൂത്തിലും ഓരോ മണിക്കൂറിലുമുള്ള വോട്ടർമാരുടെ എണ്ണം കിറുകൃത്യമായി കമ്മീഷനിൽ രേഖപ്പെടുത്തൽ ഇവിടെയെല്ലാം സാങ്കേതിക വിദ്യയുടെ അപാരതയും കാര്യക്ഷമതയും ഒക്കെ കണ്ടു. പക്ഷെ ഒന്ന് മറന്നു പോവരുത്. ഈ ഡ്യൂട്ടി ചെയ്യുന്നത് ഉപകരണങ്ങളല്ല. മുൻപ് പറഞ്ഞ ശരീരവും മനസ്സും ഒക്കെയുള്ള മനുഷ്യരാണ്. ഇത്രയും സാങ്കേതികത്തികവ് നേടിയ ഈ നാട്ടിൽ ഇലക്ഷൻ ഡ്യൂട്ടീടന്ന് രാത്രി വെളുപ്പിക്കാൻ കുറച്ചു കൂടി വളരെക്കുറച്ചു കൂടിയെങ്കിലും സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. വെളുപ്പിനെണീറ്റ് രണ്ടു ദിവസത്തേക്കുള്ള വീട്ടിലെ പണി മുഴുവനും തീർത്ത് വീടുവിട്ടിറങ്ങുനവരാണ് ഈ പെണ്ണുങ്ങളൊക്കെ. ബൂത്ത് നിലകൊള്ളുന്ന സ്‌കൂളുകളിലെ ഇടുങ്ങിയ കക്കൂസുകളിൽ (കുളിമുറിയല്ല) പുറത്തെ സ്ട്രീറ്റ് ലൈറ്റ് പകർന്നു നൽകുന്ന നേരിയ വെട്ടത്തിൽ (അതും ഉണ്ടങ്കിൽ മാത്രം) ഒരു കൈയ്യിൽ തോർത്തും മാറാനുള്ള തുണിയും ഒക്കെ പിടിച്ചുകൊണ്ടുതന്നെ കുളിച്ച്‌, ശേഷം ആ വിഴുപ്പു ഭാണണ്ഡവുമായി നാട്ടുകാരെ മുഴുവനും സാക്ഷിനിർത്തി നമ്രശിരസ്‌കരായി നടന്നു നീങ്ങുന്ന വനിതാ ഉദ്യോഗസ്ഥർ കാഴ്ചക്കാർക്ക് അനുഭൂതി പകരുന്നുണ്ടായിരിക്കാം.

പരിഭവമില്ലാത്ത കുലീന വനിതകൾക്ക് ആ ആചാരം തുടരുകയുമാവാം. എങ്കിലും സൗകര്യങ്ങൾ മെച്ചപ്പെടുക തന്നെ വേണം. രാത്രിയാവുമ്ബൊ ചുറ്റുവട്ടത്ത് ആരുടെയെങ്കിലും വീട് തപ്പിയിറങ്ങുക, അത് സ്ഥാനാർത്ഥികളുടെ വകയിലുള്ള അമ്മാവന്റെതു പോലും അല്ലെന്ന് ഉറപ്പു വരുത്തുക, അഭയാർത്ഥികളെപ്പോലെ അവിടെ കൂട്ടം കൂട്ടമായി നേരം പുലർത്തുക, പുലർച്ചെ 2 മണിക്ക് കുളിക്കാൻ നേരത്ത് വീണ്ടും ഇത്രേം പേര്‌ടെ ഉന്തുംതള്ളും കൊള്ളുക ഇതൊക്കെ ഏത് നാട്ടിലാ നടക്ക്ണത് മക്കളെ? തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി കോടികൾ പൊടിച്ച്‌ തള്ളുന്ന നമ്മടെ നാട്ടിലോ? ഈ ആചാരങ്ങളൊന്നും ലംഘിക്കാൻ ആരുമില്ലെ ഇവിടെ? ഡ്യൂട്ടിയിലുള്ള സ്ത്രീകളിൽ ആ നേരത്ത് ഭൂരിപക്ഷം പേർക്കും കാണും കേട്ടോ നമ്മടെ ഇഷ്ട വിഷയം ആർത്തവം. ഇതും വച്ചാണ് നേരത്തെ പറഞ്ഞ ചടങ്ങുങ്ങളെല്ലാം നിർവ്വഹിക്കേണ്ടത്. ബൂത്തിന് കാവലായി ആവശ്യത്തിനുള്ള കാവൽക്കാരെ മാത്രം പ്രത്യേകം നിയമിച്ച്‌ മറ്റുള്ളവർക്ക് മാന്യമായ താമസ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സാറമ്മാരെ. ഇനി വോട്ടിങ്ങ് കഴിഞ്ഞുള്ള ചടങ്ങുകളോ അതിലും കേമം. തലേന്ന് തന്നെ ചെയ്യാവുന്നതെല്ലാം ചെയ്തു തീർത്ത് പിറ്റേന്ന് എത്രയും പെട്ടെന്ന് കാര്യം തീർത്ത് റിട്ടേണിങ്ങ് ഓഫീസിൽ എത്തിച്ചേരാം എന്നോർത്തുപോയെങ്കിൽ സോറി. ആ പരിസരത്തെ എല്ലാ ബൂത്തുകാരും റെഡിയായാലേ വണ്ടി വിടുള്ളു. അവിടെ ചെല്ലുമ്പോഴോ? ഒരു മണ്ഡലത്തിലെ മുഴുവൻ പേടകങ്ങളും വാഹകരും ഒക്കെയായി കൊറോണേടെ പിറക്കാനിരിക്കുന്ന വകഭേദങ്ങളെപ്പോലും മാടിവിളിക്കുന്ന ജാതി തിരക്ക്.

പിന്നീട് ഒന്നിച്ച്‌ ഇത്രേം പേര്‌ടെയും കൂടി റീരൗാലിെേ ന്റെ വിശദമായ വെരിഫിക്കേഷനും കൂടെ കഴിയുമ്ബഴേക്ക് അടുത്ത ദിവസം പുലർന്നു. തലേന്ന് പുലർച്ചെ 3 മണിക്ക് ദേഹത്ത് കെട്ടിവച്ച ഉരുപ്പടികളുമായി ഈ നേരം വരെ തങ്ങളുടെ വസ്ത്രങ്ങളിൽ നമ്മൾ ഘോഷിക്കുന്ന സ്ത്രീ മുദ്രകളൊന്നും പതിഞ്ഞിട്ടില്ലല്ലോ എന്ന് പരസ്പരം പാത്തും പതുങ്ങിയും ഒളിഞ്ഞുനോക്കിയും അടക്കം പറഞ്ഞും wet tissue കൊണ്ട് തുടച്ചു കൊടുത്തും അന്യോന്യം മാനം ചോർന്നുപോവാതെ നോക്കി കാലം കഴിച്ചു കൂട്ടുന്ന പെണ്ണ്ങ്ങൾടെ ശാപം എവിടെക്കൊണ്ട് കഴുകിക്കളയും അധികാരികളെ നിങ്ങള്? കാര്യങ്ങൾ കുറച്ചു കൂടി organised ആയേ തീരൂ. അനുഭവസ്ഥരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് അവരുടെ ളലലറയമരസ ന് ഒത്ത മാറ്റങ്ങൾ വരുത്താൻ സംഘാടകർ ബാദ്ധ്യസ്ഥരാണ്. വളരെ കരുതലോടെ ചെയ്യേണ്ട ജോലിയാണ്. മനസ്സാന്നിദ്ധ്യം വളരെ പ്രധാനമാണ്. വല്ല അശ്രദ്ധയും പറ്റിയ ശേഷം പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇലക്ഷൻ ഡൂട്ടി കിട്ടുന്ന സ്ത്രീകൾ അത് ഒഴിവാക്കിത്തരാമോ എന്ന് അഭ്യർത്ഥിക്കുമ്പോ അതിൽ കാര്യം കണ്ടേക്കാം എന്നെങ്കിലും വിശ്വസിക്കാൻ അധികാരികൾ തയ്യാറാവണം. മടിയുടെയും അലസതയുടെയും ലക്ഷണമായി മാത്രം അതിനെ വിവക്ഷിച്ച്‌ മുദ്രകുത്തി ഗീർവാണം മുഴക്കാൻ വലിയ പഠിപ്പും കമ്മിഷനും ഒന്നും വേണ്ട. ആർക്കും പറ്റും. പറഞ്ഞൂന്നേ ള്ളൂ. പറഞ്ഞു പോയതാണ്. ഹോ.. ഒരു എയ പോസ്റ്റ് കണ്ടോ അടുത്ത തവണ നമുക്ക് എല്ലാം നേരെയാക്കിക്കളയാം എന്നും പറഞ്ഞ് ആരുംതന്നെ വരില്ലെന്ന പരിപൂർണ്ണ ബോദ്ധ്യത്തോടെ. ഇതൊക്കെ സമൂഹമാദ്ധ്യമത്തിലൂടെ തുറന്നു പറയാൻ നിയമപരമായ തടസ്സമുണ്ടോ എന്നറിഞ്ഞൂട. ഉണ്ടെങ്കിലും വേണ്ടില്ല. എന്തായാലും പറഞ്ഞപ്പൊ ഒരു ചെറിയ ആശ്വാസം.വീട്ടിൽ പെൺമക്കളുള്ള ആർക്കും ഉൾക്കൊള്ളാവുന്നതേയുള്ളു.