അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല, അത് വല്ലാത്തൊരു പിടച്ചിലാണ്, നീയും അറിയ്, ഫിറോസ് കുന്നംപറമ്പിലിനെതിരെ ജസ്ല

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന സമയം കേരളം ഒന്നടങ്കം ശ്രദ്ധിച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തവനൂര്‍. ഇടത് പക്ഷത്തിനായി കെ ടി ജലീല്‍ മത്സരിച്ചപ്പോള്‍ യുഡിഎഫ് പക്ഷത്ത് നിന്നും മത്സരിച്ചത് ഫിറോസ് കുന്നം പറമ്പിലായിരുന്നു. ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന ഫിറോസ് എന്നാല്‍ അവസാന നിമിഷം പിന്നോട്ട് പോവുകയായിരുന്നു. 3066 വോട്ടിന് ഫിറോസിനെ ജലീല്‍ തോല്‍പ്പിക്കുകയും ചെയ്തു.

ഫിറോസിന്റെ തോല്‍വിക്ക് പിന്നാലെ ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായ ജസ്ല മാടശേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഇനി നീ ഉറങ്ങിക്കോ ഫിറോസെ. ഉറക്കം വരില്ലെന്നറിയാം. എന്നാലും കിടന്ന് നോക്ക്. അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല. ഇന്‍സള്‍ട്. അത് വല്ലാത്തൊരു പിടച്ചിലാണ്. നീയും അറിയ്.- ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.

ജസ്ല മാടശേരിയുടെ കുറിപ്പ്,

മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും. ഇനി നീ ഉറങ്ങിക്കോ ഫിറോസെ. ഉറക്കം വരില്ലെന്നറിയാം. എന്നാലും കിടന്ന് നോക്ക്. അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല. ഇന്‍സള്‍ട്. അത് വല്ലാത്തൊരു പിടച്ചിലാണ്. നീയും അറിയ്.

നീയും നിന്റെ കൂട്ടാളികളും കടന്നക്രമിച്ചപ്പോള്‍. ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച് ഹൃദയങ്ങളിലുമുണ്ടായിരുന്നു. എന്നെ വിമര്‍ശിച്ചവള്‍ വേശ്യയാണ്. എത്ര ലാഖവത്തോടെയാണ്…നീ എന്റെ തൊഴില്‍ മാറ്റിയത്. കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപാട് ഉണങ്ങാതെ ഉണ്ട്. കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍.

യൂറ്റിയൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്റെ കൂട്ടാളികള്‍ എന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍. മറക്കുമോ ജീവനുളള കാലം.