സുനിതക്ക് രണ്ടാം ജന്മം, സ്കൂട്ടറുമായി ആറ്റിലേക്ക് വീണപ്പോൾ ജീവൻ പണയം വയ്ച്ച് ജീപ്പ് ഡ്രൈവർ രാജു രക്ഷിച്ചു

മരണത്തെ മുഖാമുഖം കണ്ടിടത്ത് നിന്നാണ് സുനിതയുടെ മടങ്ങി വരവ്. മടങ്ങി വരവ് എന്ന് പറയുന്നതിനേക്കാള്‍ ശരി മടക്കി കൊണ്ടുവന്നു എന്നാകും. അതും ജീപ്പ് ഡ്രൈവറായ രാജു. ശക്തമായ മഴയില്‍ നിറഞ്ഞൊഴുകിയ ചാലിലേക്ക് സ്‌കൂട്ടറുമായി  സുനിത വീഴുകയായിരുന്നു. ഇത്  കണ്ട് എത്തിയ ജീപ്പ് ഡ്രൈവര്‍ രാജു സാഹസികമായി സുനിതയെ ചാലിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

മടിക്കൈ സര്‍വീസ് സഹകരണബാങ്കിലെ കളക്ഷന്‍ ഏജന്റ് ആ എംവി സുനിതയായിരുന്നു അപകടത്തില്‍ പെട്ടത്. പള്ളത്തുവയല്‍ ചാലിലേക്ക് ആയിരുന്നു സുനിത വീണത്. തുടര്‍ന്ന് സുനിതയുടെ പിന്നാലെ എത്തിയ മടിക്കൈ സ്വദേശി രാജു രക്ഷപ്പെടുത്തുകയായിരുന്നു. ബാങ്കില്‍ പണം അടയ്ക്കാനായി യാത്ര ചെയ്യവെയാണ് ബങ്കളം സ്വദേശിനിയായ സുനിതയുടെ സ്‌കൂട്ടര്‍ ചാലിലേക്ക് വീണത്.

ഇറക്കം ഇറങ്ങി വരവെ സുനിത ഓടിച്ച് വന്ന സ്‌കൂട്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ചാലിന് കുറുകെയുള്ള പാലത്തിലേക്ക് കയറുന്നതിന് മുമ്പ് വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. സുനിതയുടെ വാഹനത്തിന് തൊട്ടു പിന്നാലെയാണ് പിക്ക് അപ്പ് വാനുമായി രാജു എത്തിയത്. അപകടം കണ്ട ഉടനെ വാഹനം നിര്‍ത്തിയ ശേഷം ചാലിലേക്ക് ചാടുകയായിരുന്നു. ചാലിലെ കുത്തൊഴുക്ക് വകവയ്ക്കാതെ സുനിതയെ രക്ഷിക്കാന്‍ ചാലിലേക്ക് രാജു ചാടുകയായിരുന്നു.

വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു സുനിതയെ വളരെ പണിപ്പെട്ട് കരയ്ക്ക് എത്തിച്ചു. തുടര്‍ന്ന് നാട്ടുകാരും കൂടി ചേര്‍ന്ന് ഒരുമണിക്കൂറോളം പണിപ്പെട്ടാണ് വെള്ളത്തില്‍ താഴ്ന്ന് പോയ സ്‌കൂട്ടര്‍ കരയ്ക്ക് എത്തിച്ചത്. സുനിത വീണ ഭാഗത്ത് തടയണയുള്ളതിനാല്‍ നല്ല ആഴവും ശക്തിയായ അടിയൊഴുക്കും ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് സുനിതയുടെ ജീവന്‍ രാജു രക്ഷിച്ചത്. ഇതോടെ നാട്ടിലെ താരമായിരിക്കുകയാണ് രാജു.