‘സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണ്; ഫിറോസിനെതിരെ നിയമനടപടിക്കൊരുങ്ങി ജസ്‌ല

firoz kunnamparambil palakkad
firoz kunnamparambil palakkad

മലപ്പുറം: തന്നെ അപമാനിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്‌യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരി. താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്‍മമരത്തിന് യോജിച്ചതല്ല വീഡിയോയിലുള്ള വാക്കുകളെന്നും ജസ്‌ല പറയുന്നു.

ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് ജസ്‌ലെക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‌ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്‌ല വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ വേശ്യ പരാമര്‍ശം.

പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫെയ്‌സ്ബുക്ക് ലൈവ്. മാന്യതയുള്ളവര്‍ പറഞ്ഞാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തിരുന്നു. സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്ന ഇവര്‍ക്ക് തനിക്കെതിരെ ശബ്ദിക്കാന്‍ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാല്‍ തനിക്ക് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്.

ഫിറോസിനെതിരെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ജസ്‌ലയും മറുപടി നല്‍കിയത്. തനിക്ക് നിരവധി പേരുടെ പിന്തുണയുണ്ടെന്നും ഫിറോസ് വ്യക്തമായ ഓഡിറ്റിങ്ങിന് വിധേയമാകുമെന്നും ജസ്‌ല വിഡിയോയില്‍ പറയുന്നു. ഫിറോസിന് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നില്ല. പക്ഷേ വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാകുമ്‌ബോള്‍ അത് ചോദ്യം ചെയ്യപ്പെടുമെന്നും ജസ്‌ല കൂട്ടിച്ചേര്‍ക്കുന്നു.