ജിഹാദികളെ അടുപ്പിക്കില്ല ;ഐ എസ് വധുവിനെ തുരത്തിയോടിച്ച് ബ്രിട്ടൻ

ഐഎസ്ഐഎസില്‍ ചേര്‍ന്ന് സിറിയയ്‌ക്ക് വേണ്ടി പോരാടാന്‍ പോയ ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്ന ഷമീമ ബീഗത്തിന് ഇനി ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കില്ലെന്ന് ബ്രിട്ടനിലെ കോടതി വിധിച്ചു. അപകടകാരിയായ ഷമീമ ബീഗത്തെ വീണ്ടും ബ്രിട്ടനിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ബ്രിട്ടീഷ് ഉന്നത കോടതി വിധിച്ചത്.ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഷമീമ ബീഗം നല്‍കിയ കേസിലാണ് ബ്രിട്ടനിലെ ഉന്നത കോടതി വിധി പുറപ്പെടുവിച്ചത്. ബ്രിട്ടനിലെ ആഭ്യന്തരസെക്രട്ടറിയായ സാജിദ് ജാവിദ് തന്നെയാണ് ഷമീമ ബീഗം അപകടകാരിയാണെന്ന നിലപാടെടുത്തതെന്നും അതാണ് കോടതി പരിഗണിച്ചതെന്നും ഷമീമ ബീഗത്തില്‍ അപ്പീലില്‍ വാദം കേട്ട മേല്‍കോടതി പറഞ്ഞു. ഷമീമ ബീഗത്തിന് പൗരത്വം തിരിച്ചുനല്‍കേണ്ടെന്ന 2019ലെ ബ്രിട്ടനിലെ കീഴ്‌ക്കോടതിയുടെ വിധി മേല്‍ കോടതി ശരിവെയ്‌ക്കുകയായിരുന്നു.

സിറിയ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ഷമീമ ബീഗം ഒടുവില്‍ ബ്രിട്ടനിലേക്ക് തിരിച്ചുവന്ന് ജീവിക്കാമെന്ന പദ്ധതിയിലായിരുന്നു. എന്നാല്‍ ഇസ്ലാമിക മതമൗലിക വാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയാണ് ബ്രിട്ടന്‍. ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാഷ്‌ട്രങ്ങളാകെ കര്‍ശനമായ ജിഹാദ് വിരുദ്ധ നിലപാടിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ബ്രിട്ടന്റെയും ഈ തീരുമാനം.15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഷമീമ ബീഗം ബ്രിട്ടന്‍ വിട്ട് 2015ല്‍ ഐഎസ്ഐഎസിന് വേണ്ടി പോരാടാന്‍ സിറിയയിലേക്ക് തിരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം യുകെയിലേക്ക് കുടിയേറിയ ഷമിമ ബീഗം ബംഗ്ലാദേശ് സ്വദേശിനിയാണ്.

സിറിയയിലെ അല്‍ റോജില്‍ തടങ്കലിലാണ് ഇപ്പോള്‍ ഷമീമ ബീഗം. യഥാര്‍ത്ഥ തുറുങ്കിനേക്കാള്‍ കഠിനമാണ് തടവുകാരെ പാര്‍പ്പിക്കുന്ന ക്യാമ്പിലെന്ന് ഷമീമ ബീഗം 2023ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. തടവിന് വിധിക്കപ്പെട്ടതാണെങ്കില്‍ ആ തടവ് എന്ന് തീരുമെന്ന് നമുക്ക് മനസ്സിലാക്കാം. പക്ഷെ ഇവിടെ എന്നാണ് തടവ് അവസാനിക്കുകയെന്ന് അറിയില്ലെന്നും ഷമീമ ബീഗം അന്ന് ബിബിസിയോട് പറഞ്ഞിരുന്നു.ഷമീമയോടൊപ്പം അന്ന് സിറിയയില്‍ പോയ കദീജ് സുല്‍ത്താനയും അമീറയും കൊല്ലപ്പെട്ടിരുന്നു. സിറിയയിലെ ഒരു പ്രദേശത്തെ ഐഎസ് ഭരണത്തിന്‍ കീഴില്‍ ഷമീമ ബീഗം മൂന്ന് വര്‍ഷത്തോളം ജീവിച്ചു. പിന്നീട് ഡച്ചുകാരനായ ഒരു ഐഎസ് പോരാളിയെ വിവാഹം കഴിച്ചതോടെയാണ് ഷമീമ ഐഎസ് വധു എന്നറിയപ്പെട്ടുതുടങ്ങിയത്. 2019ലാണ് ഇവര്‍ സിറിയയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തപ്പെട്ടത്. അന്നാണ് അവര്‍ യുകെയിലേക്ക് മടങ്ങിപ്പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. 2019ല്‍ ദേശീയ സുരക്ഷയുടെ കാരണം പറഞ്ഞാണ് ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളഞ്ഞത്.

അതേസമയം പൗരത്വം റദ്ദാക്കുന്നതിനു മുൻപ് ഷമീമ മനുഷ്യകടത്തിന്റെ ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ യുകെ ഹോം ഓഫീസിന് ബാധ്യതയുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എങ്കിലും വിധി ഷമീമയ്ക്കെതിരെയാണ് വന്നത്. ഇതോടെ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം തിരികെ ലഭിക്കില്ലെന്നും ബ്രിട്ടനിലേക്ക് തിരികെ പോകാൻ കഴിയില്ലെന്നും ഉറപ്പായിരിക്കുന്നു. 2015 ൽ ആയിരുന്നു ഷമീമ സ്കൂളിലെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഐഎസ് ഭീകരസംഘടനയിൽ ചേരാൻ സിറിയയിലേക്ക് പോയത്.

അന്ന് ഷമീമക്ക് 15 വയസ്സായിരുന്നു പ്രായം. അവിടെവച്ച് ഒരു തീവ്രവാദിയെ വിവാഹം കഴിക്കുകയും വർഷങ്ങളോളം റാഖയിൽ ഇവർ താമസിക്കുകയും ചെയ്തു. പിന്നീട് 39,000 പേരുള്ള സിറിയൻ അഭയാർത്ഥി ക്യാമ്പിൽ കഴിയവേ ആണ് ഇവരെ കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത്. അത് 2019 ഫെബ്രുവരിയിൽ ആയിരുന്നു. അന്ന് 9 മാസം ഗർഭിണിയായിരുന്ന ഷമീമ കുഞ്ഞിന്റെ ജനനത്തിനായി സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് യുകെ സർക്കാരിനോട് അഭ്യർത്ഥന നടത്തി.

“ഐസ് വധു” എന്ന പേരിൽ ഷമീമ അപ്പോൾ അന്താരാഷ്ട്ര തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ 2019 ഫെബ്രുവരി 19 ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി. അടുത്ത മാസം തന്നെ ഷമീമ ജന്മം നൽകിയ കുഞ്ഞ് അഭയാർത്ഥി ക്യാമ്പിൽ വച്ച് മരിച്ചു. എന്നാൽ ആ കുഞ്ഞിന് മുമ്പ് തനിക്ക് മറ്റ് രണ്ട് കുട്ടികളുണ്ടായിരുന്നുവെന്നും അവർ പോഷകാഹാരക്കുറവ് മൂലം സിറിയയിൽ വച്ച് മരിച്ചുവെന്നും ആയിരുന്നു അവർ യുകെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
നേരത്തെ 2020 ജൂലായ് 16 ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി ഷമീമ നൽകിയ അപ്പീലിൽ അനുകൂല വിധിയുണ്ടായിരുന്നു. ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്ക് തിരികെ വരാന്‍ അനുവാദം നല്‍കികൊണ്ടായിരുന്നു അന്നത്തെ വിധി. എന്നാൽ ഈ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ഷമീമക്കെതിരായ ഇപ്പോഴത്തെ കോടതിവിധിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഇവരുടെ അഭിഭാഷകനും രംഗത്തെത്തി.

“വലിയ ഒരു തെറ്റ് തിരുത്താനുള്ള അവസരം നഷ്‌ടപ്പെട്ടു, അനീതി തുടരുന്നു.”എന്നായിരുന്നു വിധി വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ ഇത് വളരെ നിരാശാജനകമായ തീരുമാനമെന്നായിരുന്നു അവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ വിധിയെ വിശേഷിപ്പിച്ചത്. എന്നാൽ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയ ആഭ്യന്തര സെക്രട്ടറി ജാവിദ് ബുധനാഴ്ചത്തെ ഈ വിധിയെ സ്വാഗതം ചെയ്തു.”ദേശീയ സുരക്ഷാ കാരണങ്ങളാൽ ഒരു വ്യക്തിയുടെ പൗരത്വം റദ്ദാക്കാനുള്ള എന്റെ തീരുമാനത്തെ വിധി ശരിവച്ചു” എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

കൂടാതെ ഇതൊരു സങ്കീർണ്ണമായ ഒരു കേസാണെന്നും നമ്മുടെ രാജ്യത്തിന് ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെടുന്ന ആരെയും തടയാൻ ആഭ്യന്തര സെക്രട്ടറിമാർക്ക് അധികാരം ഉണ്ടായിരിക്കണം എന്നും ജാവിദ് കൂട്ടിച്ചേർത്തു. നിലവിൽ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ ആണ് ഇവർ കഴിയുന്നത്. ഇതിനിടെ ബിബിസി 10 ഭാഗങ്ങളുള്ള പോഡ്‌കാസ്റ്റ് സീരീസായി ഷമീമയുടെ കഥ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.