കേരളത്തിന്റെ പോക്കെങ്ങോട്ട്? ആ കുഞ്ഞിനെ ചവിട്ടിമാറ്റിയ ക്രിമിനൽ മലയാളിയാണെന്നോർക്കുമ്പോൾ ല‍ജ്ജിച്ച് തലതാഴ്ത്തുന്നു- ജിജി നിക്സൺ

കാറിൽ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് എന്ന യുവാവ് ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങൾ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. എന്തിനാണ് തന്നോട് ഇങ്ങനെ പെരുമാറുന്നത് എന്നുപോലും മനസിലാകാതെ നിസ്സഹായനായി നിൽ‌ക്കുന്ന കുഞ്ഞിന്റെ മുഖം നീറുന്ന ഓർമ്മയാണ്. തീവ്രവാദത്തിനും, മയക്കുമരുന്നിനും, സകലവിധ സാമൂഹ്യ തിന്മകൾക്കും അടിമപ്പെട്ട് മനഃസാക്ഷി മരവിച്ചു പോയ, മാനുഷിക മൂല്യങ്ങൾ മറന്ന് പോയ ഒരു സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായില്ലെങ്കില്ലേ അത്ഭുതമുള്ളൂ…ഏതായാലും സമൂഹത്തിൽ നിന്ന് വളരെ മോശമായ അനുഭവം ലഭിച്ച ആ ആറു വയസ്സുക്കാരനു ഇനി ഒരിക്കലും നമ്മളെ സ്നേഹിക്കാൻ ആവില്ലെന്ന് പറയുകയാണ് ആന്റി സൈബർ വിം​ഗ് ഡയറക്ടർ ജിജി നിക്സൺ

ജിജി പങ്കിട്ട കുറിപ്പിങ്ങനെ

അവനു നിങ്ങളെ ഭയമാണ് കണ്ണൂരിൽ ചവിട്ടേറ്റു വീണ ആ ആറു വയസ്സുകാരൻ ഈ സമൂഹത്തെ ഇനി എന്നും ഭയത്തോടു മാത്രമേ കണുകയുള്ളു. അവൻ ഈ സമൂഹത്തെ വല്ലാതെ ഭയന്നു കഴിഞ്ഞു. കാറിൽ പോയിട്ടു ഒരു മരത്തിൽ പോലും ചാരി നിൽക്കാൻ അവൻ ഇനി ഭയപ്പെടും. കാരണം അവനെ സംബന്ധിച്ചിടത്തോളം ചാരി നിൽക്കുന്നതു ഇനി അങ്ങേയറ്റത്തെ കുറ്റം ആണ്. ചാരി നിൽക്കുന്നതു ചവിട്ടേറ്റ് വീഴ്ത്തപ്പെടേണ്ട മഹാ അപരാധം ആണു. ഹേ..കേരളീയ സമൂഹമേ അവനു നിങ്ങളെ ഭയമാണ്

ആ കുഞ്ഞിനെ ചവിട്ടിമാറ്റിയ ദൃശ്യങ്ങൾ വളരെ വേദനയോടെയല്ലാതെ ഹൃദയമുള്ളവർക്കു കാണാൻ കഴിയില്ല. അതുചെയ്ത ക്രിമിനലും ഒരു കേരളീയനാണു എന്നോർക്കുമ്പോൾ ലജ്ജിച്ചു തല താഴ്ത്തുന്നു. സ്ത്രീകളുടെ പച്ച മാംസം തിന്നുന്ന മാന്ത്രികൻ ഷാഫിയും, മഹാ കവി ഭഗവൽ സിംഗും, ലൈലാ മാഡവും, കാമുകനെ കൊന്ന ഗ്രീഷ്മയും , ഭീകര ജീവി ജോളിയും എല്ലാം നിറഞ്ഞാടുന്ന കേരളീയ പ്രബുദ്ധ സമൂഹത്തിൽ ഇതൊന്നും ഒരു അത്ഭുതമേ അല്ല.

പട്ടിണിയ്ക്കിടയിൽ ഭക്ഷണം കവർന്ന മധുവിനെ തല്ലികൊന്ന നാടാണ് ഇത് എന്നോർക്കുക . സ്വന്തം പിതാവിനെ കൊല്ലുന്ന മക്കളുള്ള നാടാണ് ഇതൊന്ന് ഓർക്കുക. കാമുകനൊപ്പം പോകാൻ ഭർത്താവിനെ കൊല്ലുന്ന നാടാണ് ഇതെന്ന് ഓർക്കുക. മനുഷ്യ മാംസം പച്ചയ്ക്കു കടിച്ചു തിന്നുന്ന ഷാഫിമാരുള്ള നാടാണു ഇതെന്നു ഓർക്കുക . സ്വയം പൊട്ടിത്തെറിക്കാൻ സിറിയയിലും, അഫ്ഗാനിസ്ഥാനിലും ചാവേറുകളായി നൂറുകണക്കിനു ആളുകൾ പോകുന്ന നാടാണു ഇതെന്ന് ഓർക്കുക.

തീവ്രവാദത്തിനും, മയക്കുമരുന്നിനും, സകലവിധ സാമൂഹ്യ തിന്മകൾക്കും അടിമപ്പെട്ട് മനഃസാക്ഷി മരവിച്ചു പോയ, മാനുഷിക മൂല്യങ്ങൾ മറന്ന് പോയ ഒരു സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായില്ലെങ്കില്ലേ അത്ഭുതമുള്ളൂ…ഏതായാലും സമൂഹത്തിൽ നിന്ന് വളരെ മോശമായ അനുഭവം ലഭിച്ച ആ ആറു വയസ്സുക്കാരനു ഇനി ഒരിക്കലും നമ്മളെ സ്നേഹിക്കാൻ ആവില്ല . അവനിപ്പോഴും ചിന്തിക്കുന്നതു അവനെ എന്തിനാണു ആ അധമജന്മം ചവിട്ടിയതു എന്നാണ്. അതിന്റെ ഉത്തരം കൃത്യമായും ലഭിക്കാത്തിടത്തോളം കാലം അവൻ നമ്മളുടെ ഈ സമൂഹത്തെ ഭയത്തോടും, അതിലേറെ സംശയത്തോടും മാത്രമേ കാണുകയുള്ളു.