കറുത്തവളായതിനാല്‍ സ്വപ്‌നങ്ങള്‍ അന്ന് പൂട്ടിവെച്ചു; ഇപ്പോള്‍ മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ്

തൃശ്ശൂര്‍: വണ്ണത്തിന്റെയും നിറത്തിന്റെയും പേരില്‍ ഏല്‍ക്കേണ്ടിവന്ന പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമുള്ള മറുപടിയാണ് ഇന്നത്തെ ജിനയുടെ ജീവിതം. പരിഹാസവാക്കുകള്‍ സൃഷ്ടിച്ച അപകര്‍ഷബോധത്താല്‍, ചെറുപ്പംമുതലേ സ്വപ്നംകണ്ട ‘ മോഡലിങ്’ എന്ന പാഷന്‍ ഉപേക്ഷിക്കേണ്ടിവന്നു ഒരിക്കല്‍ ജിനയ്ക്ക്. എന്നാല്‍, മറ്റുള്ളവരുടെ പരിഹാസത്താല്‍ ഒതുങ്ങിപ്പോകാനുള്ളവളല്ല താനെന്ന് തീരുമാനിച്ചതോടെ, അവരെത്തിപ്പിടിച്ചത് വിജയകരമായൊരു ബിസിനസും 2019-ല്‍ എറണാകുളത്ത് നടന്ന കേരള ഫാഷന്‍ ഫെസ്റ്റിവലിലെ മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ് കിരീടവുമാണ്.

‘ വണ്ണത്തിന്റെയും നിറത്തിന്റെയും പേരില്‍ തന്നെ പരിഹസിച്ചവര്‍ക്ക് ഒരു മറുപടി കൊടുക്കണമല്ലോ. അതിനുള്ള മറുപടിയാണിത്’ -മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം ചൂടിയ ജിന ജെയ്‌മോന്റെ വാക്കുകളില്‍ വിരിയുന്നത് ആത്മവിശ്വാസത്തിന്റെ കരുത്താണ്. കറുപ്പ്, വെളുപ്പ് താരതമ്യം കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന ആഘാതങ്ങളും മുറിവുകളും വളരെ വലുതാണ്. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലുള്ള താരതമ്യവും കുറ്റപ്പെടുത്തലുകളും കാരണം ചെറുപ്പത്തില്‍ ആ ഇഷ്ടങ്ങള്‍ പുറത്തുപറയാന്‍ പേടിയായിരുന്നു. ‘ യാത്രയും മോഡലിങ്ങുമായിരുന്നു ഇഷ്ടങ്ങള്‍.

വിവാഹമായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. മനസ്സില്‍ പൂട്ടിവെച്ച സ്വപ്നങ്ങള്‍ക്ക് ചിറകുവെച്ചത് വിവാഹശേഷമാണ്. ഇഷ്ടങ്ങള്‍ക്കെല്ലാം ഭര്‍ത്താവ് കൂട്ടുനിന്നു. അങ്ങനെ അവയെല്ലാം പൊടിതട്ടിയെടുത്തു. സ്വപ്നംകണ്ടതിനേക്കാള്‍ ഒരുപാട് നേടി. ഈ പ്രായത്തില്‍ അത് നടക്കുമോയെന്ന ചിന്തകളെയാണ് ആദ്യം മറികടക്കേണ്ടത്’ -ജിന പറയുന്നു.92 കിലോ ഭാരമുണ്ടായിരുന്ന ശരീരം മെരുക്കിയെടുക്കലായിരുന്നു ആദ്യത്തെ ലക്ഷ്യം. നാലുമണിക്ക് എഴുന്നേറ്റ് എല്ലാപണികളും തീര്‍ത്ത് ആറുമണിക്ക് ജിമ്മില്‍ പോയി കഠിനപരിശ്രമത്തിലൂടെയാണ് ശരീരം ‘ ഫിറ്റാ’ ക്കിയെടുത്തത്.

നായ്ക്കനാലില്‍ ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനം നടത്തുകയാണ് ജിനയും ജെയ്‌മോനും. സ്‌കൂള്‍ കാലഘട്ടത്തില്‍ ഗൈഡ്‌സില്‍ രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട കരുവന്നൂര്‍ പനയ്ക്കല്‍ ജേക്കബിന്റെയും ഫിലോമിനയുടെയും മകളാണ്. മക്കളായ ജീവ പത്തിലും ജെയ്‌ന എട്ടിലും പഠിക്കുന്നു. ഇരുവരും തൃശ്ശൂര്‍ വിവേകോദയം സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.