ക്യാൻസറെന്ന വില്ലൻ അമ്മയെ പ്രണയിച്ചപ്പോ വഴക്കാളിചേട്ടൻ മോനൂന് അമ്മയും,പപ്പയും എല്ലാമായി, കുറിപ്പ്

കാൻസറിനോട് പടപൊരുതുന്ന ജിൻസി ബിനു പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. രണ്ടാമത്തെ കു‍ഞ്ഞ് പിച്ചവച്ചു തുടങ്ങും മുന്നേ കാൻസറെന്ന വില്ലൻ ജിൻസിയിൽ പടിമുറുക്കിയിരുന്നു. അമ്മയുടേം കുഞ്ഞാവയുടേം തുണി കഴുകിയും ഞങ്ങൾക്കു കുളിക്കാൻ വെള്ളം എടുത്തു തന്നും ഒപ്പമുണ്ടായിരുന്നത് മൂത്തമകനായിരുന്നെന്ന് ജിൻസി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മകനെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഇരുപതുകളുടെ തുടക്കത്തിൽ… ആദ്യമായി….അമ്മയായപ്പോൾ….ഒരു കളികൂട്ടുകാരനെ കിട്ടിയ സന്തോഷം തോന്നിയ കിറുക്കത്തി പെട്ടെന്ന്…അപരിചിതമായ ഒരു സ്ഥലത്തേക്ക് പറിച്ചു നടപ്പെട്ടതിൻ്റെ എല്ലാ ഒറ്റപ്പെടലുകളുമായി….അപക്വമായ ചിന്തകളോടെ ജീവിച്ച… എനിക്ക്….കൂട്ടായി…അവനെത്തി അവനായിരുന്നു പിന്നെ എന്റെ ലോകം നിനക്ക് കുഞ്ഞ് മാത്രം മതി…ല്ലേ… എന്ന് പലപ്പോഴും അദ്ദേഹം ചിലപ്പോ…അൽപ്പം ദേഷ്യത്തോടെ അവൻ ഒരോ ചുവട് വച്ചതും എൻ്റെ സന്തോഷത്തിന്റെ താളങ്ങളോടെയായിരുന്നു കമിഴ്ന്നു വീണത്…പാൽപ്പല്ല് വന്നത്….ആദ്യമായി തനിയെ എഴുന്നേറ്റ് ഇരുന്നത്….അമ്മയെന്നു വിളിച്ചത്…മുട്ടിലിഴഞ്ഞത്…..പിച്ച വച്ചത്…. ഒക്കെ മനസിന്റെ ഉത്സവങ്ങളായി വർത്തമാനം പറയാൻ താമസിച്ചതുകൊണ്ട് രണ്ടരവയസിൽ അങ്കണവാടീൽ വിട്ടതോടെ…എനിക്കറിയാത്ത പലരും എന്നെ അറിഞ്ഞുതുടങ്ങി

എന്തായാലും….എട്ടാം ക്ലാസ് ആയപ്പോഴേക്കും 6 സ്കൂളുകൾ എല്ലായിടത്തും ഒന്നിനൊന്നു ഗംഭീര അഭിപ്രായം അടി…പിടി…വീഴ്ച മുഖം നിറയെ വെട്ടും കുത്തും പഠിച്ചില്ലെങ്കിലും പരാതിയില്ല….ഒന്ന് അടങ്ങിയിരുന്നമതീന്നു ടീച്ചർ അവനുമാത്രമായി മാറ്റിവയ്ക്കപ്പെട്ട പത്ത് വർഷങ്ങൾ അവനിലെ നൻമയെന്തെന്നറിഞ്ഞത് രണ്ടാമത്തെ കുഞ്ഞിനു വേണ്ടി കാത്തിരുന്ന സമയത്താണ്….ജോലികളിലെല്ലാം സഹായിക്കാൻ കൂടെ നിൽക്കുമ്പോഴും….അടി വാങ്ങി കൂട്ടുന്ന അവനെയോർത്ത് ചിലപ്പോഴൊക്കെ സങ്കടവും അനിയത്തികുഞ്ഞിനെ കാണാൻ ഓപ്പറേഷൻ തീയറ്ററിനുമുന്നിൽ കാത്തുനിന്നവനോട്….അനിയനാ വന്നേന്ന് കേട്ടപ്പോ പിണങ്ങി പോയ ചേട്ടൻ

പെൺകുഞ്ഞില്ലെന്ന് സങ്കടം വേണ്ടെന്ന് എന്നെ പഠിപ്പിച്ചുകൊണ്ട്……അവൻ…അമ്മയുടേം,കുഞ്ഞാവയുടേം തുണി കഴുകി…. ഞങ്ങൾക്കു കുളിക്കാൻ വെള്ളം എടുത്തു തന്നു….കുഞ്ഞാവയെ പാട്ടുപാടിയുറക്കി…കുറുക്കു കൊടുത്തു സന്തോഷങ്ങളെല്ലാം തല്ലിക്കെടുത്തി മാസങ്ങൾക്ക് ശേഷം ക്യാൻസറെന്ന വില്ലൻ അമ്മയെ പ്രണയിച്ചപ്പോ…വഴക്കാളിചേട്ടൻ…മോനൂന്…അമ്മയും,പപ്പയും എല്ലാമായി കീമോ സ്നേഹം കൊണ്ട് മൂടിയപ്പോ…. വീടിനകം നിറയെ മുടി….കുഞ്ഞ് ഇഴഞ്ഞു നടക്കുന്ന പ്രായവും…അമ്മേടെ മുടിയെടുക്കണ്ടെന്നു മുത്ത് സ്കൂളിൽ പോയ തക്കം നോക്കി ബാക്കി മുടിയെടുത്തു…വൈകിട്ട് വന്നപ്പോ….അമ്മ….മൊട്ട മിണ്ടാതെ…നോക്കാതെ ഒറ്റപോക്ക് അനുസരണക്കേട് കാട്ടി അന്നും ഇന്നും ഒരുപാട് സങ്കടങ്ങൾ തരാറുണ്ടെങ്കിലും…..അവനെനിക്ക് താങ്ങായിരുന്നു….ബലമായിരുന്നു ഇന്നും…ഒരു നേരമെങ്കിലും അവനെപ്പറ്റി പരാതി കേൾക്കാതെ ഞാനുറങ്ങില്ല അതറിയാവുന്ന അവൻ അതിനൊരു പഞ്ഞവും വരുത്തുകേമില്ല തോന്ന്യാസിചെക്കൻ്റെ…..തലതിരിഞ്ഞ അമ്മയായിരുന്ന മതി….എനിക്ക് #എത്രയായാലുമെൻ_ഉണ്ണിയല്ലേ_അവൻ… #വിലപിടിയാത്തൊരെൻ_നിധിയല്ലേ #എൻ്റെ_പുണ്യമല്ലേ