കീമോന്നു വച്ചാ എന്താന്നറിയാതെ കീമോ വാര്‍ഡിലോട്ട് തുള്ളി തുള്ളി പോയൊരു പൊട്ടിക്കാളി, അനുഭവം പങ്കുവെച്ച് ജിന്‍സി ബിനു

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോഴേ ഭയപ്പെടുന്നവരാണ് ഏറെയും. എന്നാല്‍ ഈ മഹാ രോഗത്തിനെതിരെ പോരാടി ജീവിതം തിരികെ പിടിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ കാന്‍സറിനോട് പോരാടി ജീവിക്കുന്നയാളാണ് ജിന്‍സി ബിനു. പലപ്പോഴും തന്റെ പൊള്ളിക്കുന്ന അനുഭവങ്ങള്‍ ജിന്‍സി ഫേസ്ബുക്കിലൂടെ പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയില്‍ ജിന്‍സി ബിനു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ജിന്‍സി ബിനുവിന്റെ കുറിപ്പ് ഇങ്ങനെ, ഒരുപാട് നാളുകള്‍ക്ക് ശേഷം… ഇവിടെ എഴുതുന്നു.. കീമോ…ന്നു വച്ചാ…എന്താന്നറിയാതെ… RCC യിലെ കീമോ വാര്‍ഡിലോട്ട് തുള്ളി തുള്ളി പോയൊരു പൊട്ടിക്കാളിയുണ്ട്. കീമോ ന്ന് വച്ച…. തലയില്‍ എന്തോ ഇന്‍ജക്ഷന്‍ എടുത്തു മയക്കീട്ട്… നുമ്മ മുടി മുഴുവന്‍ പിഴുതു കളയുമെന്നാരുന്നു വിചാരം, അല്ലെങ്കി പിന്നെ… മൊട്ടത്തല വരുവോ, ചെന്നപ്പോ…നല്ല കുളിരും….ഇളംനീല വിരിയുള്ള പതുപതുത്ത കട്ടിലും… പോരാഞ്ഞിട്ട്…വല്യ സ്‌ക്രീനുള്ള ടീവിയില്‍… ഏറ്റവുമിഷ്ടമുള്ള പാട്ടും. ‘അല്ലിമലര്‍ കാവില്‍…പൂരം കാണാന്‍… അന്നു നമ്മള്‍ പോയി….. രാവില്‍ നിലാവില്‍.. നല്ല സുഖായിട്ട്…. കട്ടിലില്‍കയറി കിടന്നു… സപ്രമഞ്ചത്തില്‍ രാജാവിനെ പോലെ.

തോഴിമാര്‍ തളികയില്‍ വീഞ്ഞും… പഴവും കൊണ്ടുവരും പോലെ… ഒരു ട്രേ നിറയെ മരുന്നുകളുമായി…ദാ വന്നു… മാലാഖ. നല്ല വെളുവെളുത്ത കുപ്പിയില്‍ കണ്ണഞ്ചുന്ന ചുവന്ന നിറത്തിലുള്ള മരുന്ന്….ഇതിനി ക്ഷീണം മാറ്റാന്‍ തരുന്ന ജ്യൂസാണോ…ന്ന് ഓര്‍ക്കേം ചെയ്തു. ആ മരുന്ന് ഞരമ്പിലൂടെ ലല്ലല്ലം പാടി പോകുമ്പോ…. ഉച്ചിയൊന്നു പെരുത്തു… ഇതളടരും മുന്നേ പൂക്കള്‍ ചെടിയോട് യാത്രാമൊഴി പറയും പോലെ… ഓരോ രോമകൂപവും പറയുകയായിരുന്നു… ഞങ്ങ പോവാ…ന്ന്. ഓ… പേടിച്ചത്ര ഭീകരമൊന്നുമല്ല… ഇങ്ങനെ ഡ്രിപ്പിടുന്നേന് എന്തോന്ന് പേടിക്കാനാ?

ഒക്കെ കഴിഞ്ഞു വീടെത്തിയപ്പോഴേക്കും… തുടങ്ങീീീ….അങ്കം…. വാളും,പരിചയും. പിന്നെ… ഇത്തിരി പ്രാണവേദനയും. ഞാന്‍ എന്നിലെ പുതിയ ഒരാളെ കണ്ടു… ഈറനണിഞ്ഞ മുടിയിഴകളില്ലാതെ… കണ്‍പീലികളൊന്നുപോലുമില്ലാതെ…മനസില്‍ പോലും ഓര്‍ക്കാത്ത… ഒരു വേറിട്ട രൂപം. കാലങ്ങള്‍ക്കിപ്പുറം… മുടി വന്നു… കദനത്തിന്റെ കരിമഷി പടര്‍ന്ന… കറുത്ത കണ്‍പീലികള്‍ വന്നു…. പക്ഷേ….ആ പഴയ മൊട്ടത്തലച്ചിയോട് എനിക്കു വല്ലാത്തൊരു പ്രണയമാണ്?? അവളാണെന്നെ…വേദനകളടക്കാന്‍…. പുഞ്ചിരിക്കാന്‍….ജീവിക്കാന്‍…. പഠിപ്പിച്ചത്. #ജീവിതംബതരുന്നബഓരോബവേഷത്തിലും #ഒരുബപാഠമുണ്ടാവുംബതിരിച്ചറിവിന്റെ #ശക്തിതരുന്നബപാഠം??