മെഷീനുള്ളിലേക്കു പോയപ്പോ കുഴൽക്കിണറിലേക്ക് വീഴും പോലെ…കാതു തുളയ്ക്കുന്ന ആ ശബ്ദം കൂടിയായപ്പോ മരണവെപ്രാളം

കാൻസറിനോട് പടപൊരുതുന്ന ജിൻസി ബിനു സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ടാമത്തെ കു‍ഞ്ഞ് പിച്ചവച്ചു തുടങ്ങും മുന്നേ കാൻസറെന്ന വില്ലൻ ജിൻസിയിൽ പടിമുറുക്കിയിരുന്നു. ഇപ്പോഴിതാ ആർസിസിയിൽ തന്നെ കാത്തിരുന്ന കാൻസർ ചികിത്സകളെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് ജിൻസി. കാൻസർ പോരാട്ടവഴിയിൽ താൻ അനുഭവിച്ച വേദനകളെ കുറിച്ചും ജിൻസി കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്

കുറിപ്പിന്റെ പൂർണ്ണരൂപം

ഞാനിങ്ങ് വന്നേ…2 ദിവസം ആശുപത്രിയും, യാത്രകളും…തന്നത് കിടുക്കൻ പണിയാരുന്നു 22 ന് RCC ചെന്നപ്പഴേക്കും… തലവേദനയെ ഒറ്റയ്ക്കാക്കാനുള്ള വിഷമം കൊണ്ടു മറ്റു പല വേദനകളും കൂട്ടിനെത്തി എല്ലാം കൂടി ആഞ്ഞു പിടിച്ച്..വട്ടാക്കികളഞ്ഞു തലവേദന……MRI എടുക്കണം…23 ലേക്ക് അപ്പോയ്മെന്റ്….. തിരിച്ചു വീട്ടിലേക്ക്… അപ്പോഴേക്കും തല തീക്കട്ട പോലെ… വെട്ടിയെറിയാൻ തോന്നി പിറ്റേന്ന് രാവിലെ… വീണ്ടും… യാത്ര…. വെറും…100 km…. തണുത്ത കാറ്റ് പോലും സഹിക്കാൻ വയ്യാത്ത ഞാൻ ഹോസ്പിറ്റലിലെ എ സിയുടെ തണുപ്പിലിരുന്നും നീറീപ്പുകഞ്ഞു

മുമ്പ് MRI എടുത്തിട്ടുള്ളതാ… എന്നിട്ടും….എന്തോ….ഇത്തവണ… വല്ലാത്ത നെഞ്ചിടിപ്പ്…ഭയം…മെഷീൻ ഓൺ ചെയ്താൽ അവിടെ….ഞാൻ തനിച്ചാവൂല്ലോ അനങ്ങാൻ പറ്റില്ലല്ലോ മെഷീനുള്ളിലേക്കു പോയപ്പോ.. കുഴൽക്കിണറിലേക്ക് വീഴും പോലെ…കാതു തുളയ്ക്കുന്ന ആ ശബ്ദം കൂടിയായപ്പോ…ശരിക്കും മരണവെപ്രാളം കൈഞരമ്പിലൂടെ മരുന്ന് കയറിയപ്പോ വേദനിച്ചിട്ടും ഒരു ദീർഘശ്വാസം പോലും വിടാതെ കിടന്നു….ശ്വാസം പിടഞ്ഞാൽ ചാടി എഴുന്നേൽക്കാൻ പോലും പറ്റൂല്ല പക്ഷേ… അവിടുത്തെ സ്റ്റാഫ് തന്ന കരുതൽ…കുഞ്ഞുങ്ങളോടെന്നപോലെ ഒക്കെ ഒരുവിധം കഴിഞ്ഞു…റിസൽട്ട് വെള്ളിയാഴ്ച അറിയാം

പിന്നേേേ…ജൂലൈ മാസം എനിക്ക് തന്ന സമ്മാനത്തെ പറ്റി പോയിവന്നിട്ട് പറയാം…ന്ന് പറഞ്ഞിരുന്നില്ലേ ആ സമ്മാനം ഏറ്റുവാങ്ങിയിട്ട്….ലാലേട്ടനെ പോലെ….ഇടം തോളൊന്നു മെല്ലെ ചരിച്ച്…ഇങ്ങനെ… ഇങ്ങനെ….ആയിട്ട്…..ഇന്നേക്ക് നാല് വർഷങ്ങൾ അനസ്തേഷ്യ തന്നൊരു മയക്കം…ഏതോ ലോകത്തേക്ക്… പഞ്ഞിക്കെട്ടു പോലെ പറന്നുയർന്നു…ചിറകു വീശി പറന്ന്….അപ്പുപ്പൻതാടി പോലെ കറങ്ങിത്തിരിഞ്ഞ്…താഴെ വന്ന്…കണ്ണു തുറന്നപ്പോഴേക്കും നഷ്ടപ്പെട്ട പാതി ശരീരം…RCC യിലെ ഓപ്പറേഷൻ ടേബിളിലെ…മരവിച്ച……ആ ദിവസം 2017 ജൂലൈ 24…. 8.30 AM എൻ്റെ പുനർജന്മത്തിൻ്റെ നാലാം വാർഷികം ആയുസ്സ് ഒരു വർഷം കുറയുമ്പോഴും… കേക്ക് മുറിച്ച് സന്തോഷജന്മദിനം കുട്ടിക്ക്… എന്ന് പറയാമെങ്കിൽ…ഈ ദിവസവും ഓർത്തേ പറ്റൂ… കാരണം….ആ ടേബിളിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ ഞാൻ അത്രത്തോളം പാടുപെട്ടു…മനസ് കൊണ്ടും…ശരീരം കൊണ്ടും ഇന്ന്… ഹോസ്പിറ്റലിൽ ചെല്ലുമ്പോ….”പേഷ്യൻ്റ് എവിടെ”….എന്ന് എന്നോട് തന്നെ ചോദിക്കണമെങ്കിൽ…. എനിക്കൊരു പേഷ്യന്റ് ലുക്കില്ലാത്തത് കൊണ്ടല്ലേ

ഇതൊക്കെ പറയുമ്പോ… വേറെ പണിയില്ലേ… ന്ന് കരുതുന്നവരോട്…. ഇല്ല ഈ പങ്കുവയ്ക്കൽ എനിക്ക് തരുന്ന കരുത്തിൻ്റെയും, ധൈര്യത്തിൻ്റെയും ഒരു പങ്ക് ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഏതെങ്കിലും ഒരാൾക്കെങ്കിലും കിട്ടിക്കോട്ടെ അതിനപ്പുറം നൻമ നിറഞ്ഞ കുറച്ചു സൗഹൃദങ്ങൾ ആശുപത്രി വിശേഷങ്ങൾ തിരക്കിയ…. കൂടെയുണ്ട്….ന്ന് ധൈര്യം തന്ന എല്ലാ പ്രിയപ്പെട്ടവർക്കും #വാക്കിലും_പ്രവൃത്തിയിലും_നൻമയുടെ #അംശം_ഉള്ളവർക്കേ_മറ്റുള്ളവരുടെ #മനസിൻ്റെ_വിങ്ങൽ_കാണാൻ_കഴിയൂ