അവരിപ്പോ കരയുന്നുണ്ടാവും, ജീവിതാവസാനം വരെ ഹൃദയം നുറുങ്ങി കരയും, പെറ്റമ്മയെ ഓര്‍ത്തല്ല സങ്കടം പോറ്റമ്മയെ ഓര്‍ത്ത്

ദത്ത് വിവാദത്തില്‍ ഡി എന്‍ എ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അനുപമയും പങ്കാളി അജിത്തും. ആന്ധ്രയില്‍ നിന്നും കേരളത്തില്‍ എത്തിച്ച കുഞ്ഞിന്റെ രക്തം ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. അനുപമയും അജിത്തും ഡിന്‍എ പരിശോധനയ്ക്കുള്ള സാംപിള്‍ നല്‍കി. ഇന്നോ നാളെയോ പരിശോധന ഫലം എത്തും.

എന്നിരുന്നാലും കുഞ്ഞിനെ പോറ്റി വളര്‍ത്തിയ ദമ്പതികളുടെ അവസ്ഥയെ കുറിച്ചും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നെഞ്ച് പൊട്ടിയാകും കുഞ്ഞിനെ അവര്‍ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചത് എന്നത് വ്യക്തമാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് ജിന്‍സി ബിനു പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്.

ജിന്‍സി ബിനുവിന്റെ കുറിപ്പ്, കണ്ടതുമുതല്‍…ഈ ചിത്രം മനസിനെ വല്ലാതെ മഥിച്ചു കൊണ്ടേയിരിക്കുന്നു, ‘പെറ്റമ്മ’യെ ഓര്‍ത്തിട്ടല്ല…. പോറ്റമ്മയെ ഓര്‍ത്ത്. ഒരിക്കല്‍….സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞിനെ കിട്ടാതെ അവര്‍ ചങ്കുപൊട്ടികരഞ്ഞിട്ടുണ്ടാവും. അതിലുമുറക്കെ… അവരിപ്പോ കരയുന്നുണ്ടാവും. ജീവിതാവസാനം വരെ ഹൃദയം നുറുങ്ങി കരയും. എത്രമാത്രം കൊതിച്ചും… കൊഞ്ചിച്ചും….ആനന്ദിച്ചും കഴിഞ്ഞിട്ടുണ്ടാവും അവര്‍ അവനുവേണ്ടി ഒരുപാട് കുഞ്ഞുടുപ്പുകള്‍ വാങ്ങീട്ടുണ്ടാവും? ആ വീട് നിറയെ അവനു വാങ്ങിയ കളിപ്പാട്ടങ്ങളാവും. അവനെ താരാട്ടു പാടിയുറക്കിയ തൊട്ടിലുണ്ടാവും.

പൗഡര്‍ മണമുള്ള അവന്റെ കുഞ്ഞികവിളില്‍ ഉമ്മ കൊടുത്തു മതിവന്നിട്ടുണ്ടാവില്ല. ഒക്കെത്തിനും അപ്പുറം… അവന്റെ കരച്ചിലും…. കളിചിരികളുമില്ലാതെ… ആ വീട് വീര്‍പ്പുമുട്ടും. പെണ്ണായി പിറന്നവള്‍ക്ക് പ്രസവിക്കാന്‍ കഴിയും… എന്നുകരുതി ‘അമ്മ’ യാവാന്‍ മനസ്സും ശരീരവും ഒരുപോലെ പുണ്യം ചെയ്യണം. എന്തിന്റെ പേരിലായാലും സ്വന്തം രക്തത്തില്‍ പിറന്ന കുരുന്നിനെ ഉപേക്ഷിച്ചു കളയാന്‍ ഒരു സ്ത്രീയ്ക്ക് കഴിഞ്ഞെങ്കില്‍…അവിടെ മാതൃത്വം മരിച്ചിരിക്കുന്നു…ഏതു ഭീഷണിയും, ബലപ്രയോഗവും,കീഴ്‌പെടുത്തലും തോല്‍പ്പിക്കാന്‍ തക്ക ശക്തി മാതൃത്വത്തിനുണ്ട്.

അവനു പാലൂട്ടാതെ… കുളിപ്പിച്ചുറക്കാതെ…. ഒരുനോക്ക് കാണാതെ… മാറോടു ചേര്‍ക്കാതെ… പെറ്റമ്മ ഇത്രനാള്‍ കഴിഞ്ഞെങ്കില്‍…. ആ പോറ്റമ്മയുടെ ചങ്കുപിളര്‍ന്ന് കുഞ്ഞിനെ…എന്തിന് പറിച്ചടുക്കണം. അവന്റെ സ്വര്‍ഗ്ഗം അതായിരുന്നു. #കേരളമേ_ലജ്ജിക്കൂ #മൃഗങ്ങള്‍ടത്ര_പോലും_വകതിരിവില്ലാത്ത #സംസ്‌ക്കാരസമ്പന്നതയോര്‍ത്ത്.