ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ദിലീപിനോട് കമ്മിറ്റ്‌മെന്റുണ്ട്, അവന്‍ പറഞ്ഞാല്‍ അതിനുള്ള ഒരുക്കം തുടങ്ങും, ജോണി ആന്റണി പറയുന്നു

കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് നടിയെ ആക്രമിച്ച കേസും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ്. അന്വേഷണസംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് മൂന്ന് ദിവസം കുറ്റാരോപിതനായ ദിലീപിനെയും മറ്റ് നാല് പേരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയും ചെയ്തു. അതിനിടെ സോഷ്യല്‍ ലോകത്ത് ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ സംവിധായകനും നടനുമായ ജോണി ആന്റണി ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ജോണി ആന്റണി. ‘എല്ലാവരും ചോദിക്കുന്ന ഒന്നാണ് സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്. ഞാന്‍ ഒന്നും ആകാതിരുന്ന കാലത്താണ് ദിലീപ് കഴിവ് തെളിയിക്കാന്‍ ഒരു അവസരം തന്നതും സിഐഡി മൂസം നിര്‍മിക്കാമെന്ന് ഏറ്റതും. അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കില്‍ ഇന്ന് ഞാനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബിക്കും എനിക്കുള്ളത് പോലുള്ള കമ്മിറ്റ്‌മെന്റ് ഉണ്ട്.’

‘അതുകൊണ്ട് ദിലീപ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ആവശ്യപ്പെട്ടാല്‍ പിറ്റേദിവസം അതിനുള്ള ജോലികള്‍ ആരംഭിക്കും. അത്രത്തോളം ബ്ലോക്ക് ബസ്റ്ററായ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. അതില്‍ അന്ന് മിന്നി തിളങ്ങിയ പല താരങ്ങളും ഇന്നില്ല. ഇന്നത്തെ കാലത്ത് ഒരു സിനിമയക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. ഒട്ടും പുറകിലോട്ട് പോകാത്ത തരത്തില്‍ വേണം സിനിമ ചെയ്യാന്‍’ ജോണി ആന്റണി പറയുന്നു. അഭിനയവും താന്‍ ഇപ്പോള്‍ ആസ്വദിക്കുന്നുണ്ട് എന്നും ജോണി ആന്റണി പറയുന്നു. ‘ഹൃദയത്തില്‍ ഞാന്‍ വെറും പന്ത്രണ്ട് മിനിറ്റ് കഷ്ടിയെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷെ സിനിമ കണ്ട ശേഷം പ്രേക്ഷകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വലിയ പ്രതികരണം ലഭിച്ചു. ഒരു സിനിമയില്‍ മുഴുനീള കഥാപാത്രം അവതരിപ്പിച്ച എഫക്ട് കിട്ടി. എനിക്ക് രണ്ട് പെണ്‍മക്കളാണ് അവര്‍ക്ക് ഹൃദയത്തിലെ എന്റെ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടു’ ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.

ദിലീപ് നായകനായ സിഐഡി മൂസയിലൂടെ 2003ലാണ് ജോണി ആന്റണി സ്വതന്ത്ര സംവിധായകനാകുന്നത്. ചിത്രം വന്‍ ഹിറ്റായിരുന്നു. തുടര്‍ന്ന് ദിലീപ് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളായ കൊച്ചി രാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത തുറുപ്പുഗുലാന്‍, താപ്പാന അങ്ങനെ തുടങ്ങി പത്തോളം സിനിമകളുടെ സംവിധായകന്‍ കൂടിയായി ജോണി ആന്റണി. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനാണ് ഏറ്റവും അവസാനം ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ.