ഭക്ഷണത്തിന്റെ വില മനസിലാക്കുന്ന ആദരിക്കുന്ന ബഹുമാനിക്കുന്ന കുഞ്ഞുങ്ങളാണ് ഏറ്റവും വലിയ സമ്പത്ത്

ഭക്ഷണത്തിന്റെ വില മനസിലാക്കുന്ന ആദരിക്കുന്ന ബഹുമാനിക്കുന്ന കുഞ്ഞുങ്ങളാണ് എന്റെ ഏറ്റവും വലിയ സമ്പത്തെന്ന് തുറന്നു പറയുകയാണ് ജോളി ജോസഫ് എന്ന അച്ഛൻ. മകൾ സോഷ്യൽ മീഡിയയിൽ പങ്കുെവച്ച കുറിപ്പ് അദ്ദേഹം പരിഭാഷപ്പെടുത്തുകയാണ് ചെയ്യുന്നത്. കുറിപ്പിങ്ങനെ

എന്റെ മൂന്നാമത്തെ മോളാണ് രേഷ്മ . പൂനയിലെ സിംബയോയിസിസ് കോളേജിൽ ബി എ ലിബറൽ ആർട്സ് എന്ന നാലു വർഷത്തെ പഠനത്തിന് ചേർന്നെങ്കിലും ആദ്യവർഷത്തിനു ശേഷം സ്റ്റുഡന്റസ് എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി ജർമനിയിലും ഹോളണ്ടിലും ഇസ്രയേലിലുമായി പൂർത്തിയാക്കിയാക്കുമ്പോഴേക്കും ആമസോൺ പ്രസിദ്ധികരിച്ച രണ്ട് പുസ്തകങ്ങളും എഴുതി.. ! പിന്നെ അവൾ അയർലണ്ടിൽ പോയി ഡബ്ലിനിലുള്ള പ്രശസ്ത ട്രിനിറ്റി കോളേജിൽ നിന്നും എംഫിൽ എടുത്തെങ്കിലും ഇനിയും എന്തൊക്കെയോ പഠിക്കാനുണ്ടത്രേ …! അവളും ഡബ്ലിനിലെ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റിലും ഹോട്ടലിലും താത്കാലിക ജോലികൾ ചെയ്താണ് പഠിച്ചത് . ഇന്നവൾ ‘ ലിങ്ക്ഡിൻ ‘ ൽ പ്രസിദ്ധികരിച്ച ഇംഗ്ലീഷ് പോസ്റ്റിന്റെ ഏകദേശ മലയാള പരിഭാഷ താഴെക്കൊടുക്കുന്നു :

‘’ എന്റെ പപ്പയുടെ ദാരിദ്യ്രത്തിൽനിന്നു സമൃദ്ധിയിലേക്ക് എത്തപ്പെട്ട കഥകൾ സ്ഥിരമായി കേട്ടാണ് ഞാൻ വളർന്നത്‌ . പപ്പ ജനിച്ചത് വളരെ ദരിദ്രരായ വലിയ കുടുംബത്തിലാണ്, അവിടെ ഭക്ഷണം എപ്പോഴും കുറവായിരുന്നു. എന്റെ മുത്തശ്ശി, അദ്ദേഹത്തിന്റെ അമ്മ പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു .ഇറച്ചിക്കടകളിൽ നായകൾക്കായി കൊടുക്കുന്ന ഇറച്ചി അവശിഷ്ടങ്ങൾ പോലും വാങ്ങി അവർ ഭക്ഷണമാക്കി . ഉച്ചഭക്ഷണ പദ്ധതിയുടെ ഉറപ്പുമൂലം പപ്പാ എല്ലാ ദിവസവും സ്കൂളിൽ പോകുമായിരുന്നു. ഭക്ഷണം കിട്ടേണ്ട വരിയിൽ ഒന്നാമനാകാൻ താൻ ഓടിയെത്തിയത് ഇപ്പോഴും അദ്ദേഹം ഞങ്ങളെ ഓര്മപെടുത്തും . വിശപ്പായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രചോദനം.

ഇന്നും ഒന്നും മാറിയിട്ടില്ല. ഭക്ഷണത്തോട് അദ്ദേഹം നൽകുന്ന ബഹുമാനം എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. എന്റെ ഇരട്ട സഹോദരി പറഞ്ഞത് സത്യമാണ് , അദ്ദേഹം പ്രാർത്ഥിക്കുന്നതുപോലെയാണ് ഭക്ഷണം കഴിക്കുന്നത് . തന്റെ കൂടെയുള്ളവർക്കായി ദിവസവും ഭക്ഷണം നൽകുന്നതുൾപ്പെടെ പപ്പാ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇത്തരത്തിലുള്ള ആദരവ് പകരുന്നു. ഇത് ലളിതമായ ഭക്ഷണ പാക്കറ്റുകളല്ല പക്ഷെ ശരിയായ ഭക്ഷണമാണ്…! നിലവിൽ, എനിക്കായി ജോലി ചെയ്യുന്ന ഒരാളുണ്ട്, ഇന്നലെ അദ്ദേഹം ഒരു മാസം പൂർത്തിയാക്കി. ഞാൻ അദ്ദേഹത്തിന് ഒരു ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തു, പപ്പാ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് ആളുകളെ നല്ല സംസ്ക്കാരത്തോടെ ബഹുമാനിക്കാനാണ് . ഇങ്ങിനെയും ഞാനെന്റെ പപ്പയെ ബഹുമാനിക്കുന്നു ..!

P.S:- എല്ലാ ദിവസവും ഞാനിത് ചെയ്യാൻ തികച്ചും ഇഷ്ടപ്പെടുന്നു, പക്ഷേ അത് ചെയ്യാനുള്ള വരുമാനം തല്ക്കാലം ഇപ്പോഴില്ല , ഭാവിയിൽ തീർച്ചയായും ഞാനത് ചെയ്യും …! സസ്നേഹം രേഷ്മ ജോളി . ”ഭക്ഷണത്തിന്റെ വില മനസിലാക്കുന്ന ആദരിക്കുന്ന ബഹുമാനിക്കുന്ന കുഞ്ഞുങ്ങളാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്…!