സയനൈഡ് തന്ന് അവള്‍ക്ക് ഞങ്ങളെയും ഇല്ലാതാക്കാമായിരുന്നു, ഇതിലും ഭേദമതായിരുന്നു, ജോളിയുടെ സഹോദരന്‍ പറയുന്നു

സയനൈഡ് തന്ന് അവള്‍ക്ക് ഞങ്ങളെയും ഇല്ലാതാക്കാമായിരുന്നു, ഇതിലും ഭേദമതായിരുന്നെന്ന് ജോളിയുടെ സഹോദരന്‍ നോബി. ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ ഞങ്ങളാരും ഉണ്ടാവില്ല. സംരക്ഷിക്കാനോ, സഹായിക്കാനോ പറ്റുന്ന തെറ്റല്ല അവള്‍ ചെയ്തത് എന്നും നോബി പറഞ്ഞു. സഹായം തേടി ജോളി ജയിലില്‍ നിന്നും നോബിയെ വിളിച്ചിരുന്നു.

റോയിയുടെ അന്ത്യത്തിന് ശേഷം സ്വത്തുതര്‍ക്കത്തെക്കുറിച്ച് സംസാരിക്കാന്‍ സഹോദരങ്ങളും അളിയന്‍ ജോണിയും കൂടത്തായിയില്‍ പോയിരുന്നു. ഒസ്യത്തിന്റെ രേഖകള്‍ ജോളി അന്നു കാണിച്ചു. എന്നാല്‍, അത് വ്യാജമെന്ന് തോന്നിയതിനാല്‍ ജോളിയെ വഴക്കുപറഞ്ഞാണ് തിരിച്ചുപോന്നത്. കേസുമായി ബന്ധപ്പെട്ട് ഒന്നും ഞങ്ങള്‍ക്ക് അറിയില്ല. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതായി ജോളി പറഞ്ഞിരുന്നു.

നുണപരിശോധനയ്ക്ക് വിധേയയാകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതായി ഓണത്തിനു വീട്ടില്‍വന്നപ്പോള്‍ ജോളി പറഞ്ഞിരുന്നു. തെറ്റുചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് പേടിക്കുന്നതെന്നും നുണപരിശോധനയ്ക്ക് തയ്യാറാകണമെന്നും ഞങ്ങള്‍ പറഞ്ഞു. ആദ്യഭര്‍ത്താവ് റോയി ഉണ്ടായിരുന്നപ്പോള്‍ എല്ലാ ദിവസവും ഫോണില്‍ വിളിക്കുകയും മിക്കപ്പോഴും വരികയും ചെയ്യുമായിരുന്നു. ഷാജു ഒരിക്കല്‍ മാത്രമേ ഇവിടെ വന്നിട്ടുള്ളൂവെന്നും നോബി പറഞ്ഞു.

പണം ആവശ്യപ്പെട്ട് ജോളി നിരന്തരം അച്ഛനെയും തന്നെയും വിളിക്കുമായിരുന്നെന്നും നോബി വ്യക്തമാക്കി. ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയിരുന്നത്. രണ്ടാഴ്ചമുമ്ബ് വീട്ടിലെത്തിയപ്പോഴും അച്ഛന്റെ പക്കല്‍നിന്ന് പണം വാങ്ങി. എന്‍ഐടിയില്‍ ഗസ്റ്റ് ലക്ചറര്‍ ജോലിയുണ്ടെന്നും ശമ്ബളം കിട്ടുമ്‌ബോള്‍ തിരിച്ചുതരാമെന്നും പറഞ്ഞാണ് പലപ്പോഴും പണം ആവശ്യപ്പെട്ടിരുന്നതെന്നും നോബി പറഞ്ഞു.