എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും, ആ സമയങ്ങളില്‍; ജോളി പറഞ്ഞത്

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. പോലീസിനോട് ഒരു കൂസലുമില്ലാതെയായിരുന്നു ജോളിയുടെ മറുപടികള്‍. ”എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും. ആ സമയങ്ങളില്‍ ഞാന്‍ എന്താണു ചെയ്യുകയെന്നു പറയാനാകില്ല…..” കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ പൊലീസ് ജീപ്പിലിരുന്നു നിര്‍വികാരതയോടെ പറഞ്ഞുകൊണ്ടിരുന്നതാണിത്.

ജില്ലാ ജയിലി!ല്‍ നിന്നു താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയില്‍ വനിതാ പൊലീസുകാര്‍ക്കു നടുവില്‍ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണു ജോളി ഈ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെ നിസ്സംഗതയോടെയായിരുന്നു ജോളിയുടെ പെരുമാറ്റം.

അതേസമയം മക്കളെ രണ്ട് പേരെയും വീട്ടിലെ മുകളിലെ നിലയില്‍ ഉറക്കി കിടത്തിയ ശേഷം വാതില്‍ പുറത്തു നിന്ന് പൂട്ടി. പിന്നീട് താഴെയെത്തി ഭര്‍ത്താവ് റോയിക്ക് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നെന്ന് ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു.

ഇന്നലെ വൈകുന്നേരം 3.30നാംണ് കൂടത്തായി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ വടകരയിലെ ഓഫീസില്‍ ആരംഭിച്ചത്. അറസ്റ്റിലായ ദിവസം കുറ്റസമ്മതം നടത്തിയ പല കാര്യങ്ങളും ഇന്നലെ ജോളി നിഷേധിച്ചു.